രണ്ട് ചെറുപ്പക്കാരെ കൊന്ന് തള്ളിയവരുടെ ഭാര്യമാരെ സര്‍ക്കാര്‍ തീറ്റി പോറ്റുന്നുവെന്ന് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സമരത്തിന്

രണ്ട് ചെറുപ്പക്കാരെ കൊന്ന് തള്ളിയവരുടെ ഭാര്യമാരെ സര്‍ക്കാര്‍ തീറ്റി പോറ്റുന്നുവെന്ന് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സമരത്തിന്

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം നടത്തിയതിനെതിരെ സംസ്ഥാന വ്യാപക സമരമെന്ന് യൂത്ത് കോണ്‍ഗ്രസ്. '' നിങ്ങള്‍ കൊന്ന് കൊള്ളൂ.. കോടികള്‍ കൊടുത്തും നിയമത്തിന് മുമ്പില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാം എന്ന് മാത്രമല്ല, നിങ്ങളുടെ വീടുകളില്‍ സമൃദ്ധി എത്തിക്കുവാന്‍ ഈ സര്‍ക്കാരുണ്ടെന്ന് കൊലപാതകികള്‍ക്ക് നല്‍കുന്ന സന്ദേശം വലിയ ആപത്താണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എ.

പെരിയ കൃപേഷ്-ശരത്‌ലാല്‍ കൊലപാതക കേസില്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബര(54)ന്റെ ഭാര്യ, രണ്ടാം പ്രതി സി.ജെ.സജി(51)യുടെ ഭാര്യ, മൂന്നാം പ്രതി കെ.എം.സുരേഷി(27)ന്റെ ഭാര്യ എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു.

ഷാഫി പറമ്പിലിന്റെ പ്രതികരണം

25 വയസ്സ് പോലും തികയാത്ത 2 ചെറുപ്പക്കാരെ ക്രൂരമായി കൊന്ന് തള്ളിയവർക്ക് വേണ്ടി സുപ്രീം കോടതിയിൽ നിന്ന് സർക്കാർ ചിലവിൽ വക്കീലിനെ കൊണ്ട്‌ വരിക. ഇപ്പോൾ പ്രതികളുടെ ഭാര്യമാരെ സർക്കാർ ചിലവിൽ ശമ്പളം നൽകി തീറ്റി പോറ്റുക. നികുതി അടക്കുന്ന ജനങ്ങൾക്ക് ഈ ചിലവുകൾ ഏറ്റെടുക്കേണ്ട ബാധ്യതയുണ്ടോ ?

ആവർത്തിച്ച് പറയുന്നു , സർക്കാർ കൊലയാളികളുടെ ആരാധാനാലയവും ആഭ്യന്തര മന്ത്രി കൂടി ആയ മുഖ്യൻ അവരുടെ സംരക്ഷകനും ആവുന്നു .

കാസർകോഡ് പെരിയയിലെ കല്യോട്ടെ പത്തൊൻപതും, ഇരുപത്തിമൂന്നും വയസ്സായ രണ്ട് ചെറുപ്പക്കാർ കൃപേഷിന്റെയും ശരത് ലാലിന്റേയും ഘാതകരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുൻപിലെത്തിക്കുവാനായി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടപ്പോൾ, അത് തടയിടുവാനായി ഖജനാവിൽ നിന്ന് കോടികൾ ചിലവാക്കി സുപ്രീം കോടതിയിലെ രജ്ഞിത് കുമാറിനെയും, മനീന്ദർ സിംഗിനെയും എത്തിച്ച് കോടതിയിൽ സംസ്ഥാന സർക്കാർ വാദിക്കുന്നതിരെ നിയമ സഭയിൽ ചോദിച്ചപ്പോൾ വേണമെങ്കിൽ ഇനിയും എത്ര തുകയും ചിലവഴിക്കുമെന്ന് വെല്ലുവിളിയോടെ സംസാരിച്ച മുഖ്യമന്ത്രിയായിരുന്നു പിണറായി. കോടികൾ ചിലവാക്കുക മാത്രമല്ല, അവരുടെ കുടുംബത്തിനു ചിലവിനു കൊടുക്കുവാനും പോകുന്നു.

കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ നാല് ജീവനക്കാരികൾ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിൽ പ്രതികളായ സി.പി.എം സഖാക്കളുടെ സഖികളായത് യാദൃശ്ചികമല്ല.

നിങ്ങൾ കൊന്ന് കൊള്ളൂ.. കോടികൾ കൊടുത്തും നിയമത്തിന് മുമ്പിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാം എന്ന് മാത്രമല്ല, നിങ്ങളുടെ വീടുകളിൽ സമൃദ്ധി എത്തിക്കുവാൻ ഈ സർക്കാരുണ്ടെന്ന് കൊലപാതകികൾക്ക് നൽകുന്ന സന്ദേശം വലിയ ആപത്താണ്.

മക്കൾ നഷ്ടപ്പെട്ടതിന്റെ പിടച്ചിലുമായി രണ്ട് മാതാപിതാക്കളുടെ കണ്ണീരുപ്പ് കലർന്ന വേദന ഒരു നാൾ ഈ അഹന്തയെ കടപുഴക്കും...

നീതിക്ക് വേണ്ടി പോരാടിയ കാസർകോട്ടെ യൂത്ത് കോൺഗ്രസ്സര്‍ പ്രവർത്തകരുടെ സമരത്തെ സംസ്ഥാന വ്യാപകമായി ഏറ്റെടുക്കും .

Related Stories

No stories found.
logo
The Cue
www.thecue.in