സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം  കോടതി

പൊതുസ്വത്തുക്കള്‍ നശിപ്പിച്ചുവെന്നാരോപിച്ച് സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നോട്ടീസ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നോട്ടീസ് നല്‍കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ അത് റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ജില്ലാ ഭരണകൂടം പ്രതിഷേധക്കാര്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പര്‍വായിസ് ആരിഫ് ടിറ്റു എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വയം 'പരാതിക്കാരനും വിധികര്‍ത്താവും പ്രോസിക്യൂട്ടറും' ആയി പ്രവര്‍ത്തിച്ചുവെന്ന് ബെഞ്ച് പറഞ്ഞു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ഫെബ്രുവരി 18 വരെ അവസാന അവസരം നല്‍കുകയാണെന്നും അതിന് ശേഷം കോടതി നടപടി റദ്ദാക്കുമെന്നും ബഞ്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

2019 ഡിസംബറിലായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചുന്നാരോപിച്ച്

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചത്. ഏകപക്ഷീയമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ആറ് വര്‍ഷം മുമ്പ് 94 വയസ്സില്‍ മരിച്ചയാള്‍ക്കടക്കം നോട്ടീസ് അയച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

833 പേര്‍ക്കെതിരെയായി 106 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 274 റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തായി' ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in