കൊവിഡ് മരുന്ന് ഗൗതം ഗംഭീര്‍ വാങ്ങിയത് അനധികൃതമായി; ബിജെപി എംപി കുറ്റക്കാരനെന്ന് ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ

കൊവിഡ് മരുന്ന് ഗൗതം ഗംഭീര്‍ വാങ്ങിയത് അനധികൃതമായി; ബിജെപി എംപി കുറ്റക്കാരനെന്ന് ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ

ന്യൂദല്‍ഹി: കൊവിഡ് മരുന്ന് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ അനധികൃതമായാണ് വിതരണം ചെയ്തതെന്ന് ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

മരുന്ന് അനധികൃതമായി ശേഖരിച്ച കുറ്റത്തിന് ഫൗണ്ടേഷനെതിരെ നടപടി സ്വീകരിക്കുമെന്നും ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലായ് 29നാണ് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുക

കൊവിഡ് പ്രതിരോധ മരുന്നായ ഫാബിഫ്‌ളൂവുമായി ബന്ധപ്പെട്ടാണ് കേസ്. മരുന്ന് ഡീലര്‍മാര്‍ക്കെതിരെയും നടപടി വേണമെന്ന് ഡിജിസിഐ ആവശ്യപ്പെട്ടു.

നേരത്തെ ഗൗതം ഗംഭീര്‍ ട്രസ്റ്റ് കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും എത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. പക്ഷേ മരുന്നുകള്‍ വന്‍തോതില്‍ ശേഖരിച്ച് സൂക്ഷിച്ചത് അപക്വമായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

അന്വേഷണത്തില്‍ മരുന്ന് കൈകാര്യം ചെയ്യാന്‍ ഗൗതം ഗംഭീര്‍ ട്രസ്റ്റിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. ദല്‍ഹിയില്‍ കൊവിഡ് മരുന്നുകള്‍ക്കും ഓക്‌സിജനും ക്ഷാമം നേരിട്ട പശ്ചാത്തലത്തിലായിരുന്നു കോടതി ഇടപെട്ടത്. കാലതാമസം പിടിക്കാതെ കേസില്‍ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.

ഹൃദയ ഫൗണ്ടേഷന്റെ സ്ഥാപകനായ ദീപക് സിംഗാണ് രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെയാണ് അനുമതിയില്ലാതെ വലിയ അളവില്‍ മരുന്നുകള്‍ വാങ്ങാനും ശേഖരിക്കാനും കഴിയുന്നത് എന്ന് ആരാഞ്ഞ് പരാതി സമര്‍പ്പിച്ചത്. സ്ഞ്ജയ് ഗാര്‍ഗ് ഹോസ്പിറ്റലിലെ ഒരു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് ഗൗതം ഗംഭീര്‍ ഫാബിഫ്‌ളുവിന്റ 2628 സ്ട്രിപ്പുകള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in