ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ കേസില്‍ മാപ്പു പറയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഉത്തമവിശ്വാസത്തില്‍ നിന്ന് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറയുകയെന്നത് ആത്മവഞ്ചനയും നിന്ദയുമായിരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതിയലക്ഷ്യകേസില്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണിന്റെ തയ്യാറാക്കിയ പ്രസ്താവന കോടതിയില്‍ വായിച്ചത്.

വിചാരണ നേരിട്ടപ്പോള്‍ രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ് കടമെടുക്കാനുള്ളത്. 'ഞാന്‍ ദയയ്ക്കായി അപേക്ഷിക്കുന്നില്ല, ഔദ്യാര്യത്തിനായി അഭ്യര്‍ത്ഥിക്കുന്നുമില്ല.കോടതി കുറ്റമെന്ന് കണ്ടെത്തിയ കാര്യത്തില്‍ നിയമപരമായ എന്തുശിക്ഷ ചുമത്തിയാലും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ ഒരുക്കമാണ്. പൗരന്‍ എന്ന നിലയില്‍ അതെന്റെ ഉന്നതമായ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും' പ്രശാന്ത് ഭൂഷണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കിയത്

ബഹുമാനപ്പെട്ട കോടതിയുടെ വിധിപ്പകര്‍പ്പിലൂടെ ഞാന്‍ കടന്നുപോയി. കോടതിയലക്ഷ്യക്കുറ്റം നടത്തിയെന്ന കണ്ടെത്തലില്‍ വേദനയുണ്ട്. മൂന്ന് ദശാബ്ദമായി വ്യക്തിപരമായും ഔദ്യോഗികമായും കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ വിനീതനായ കാവല്‍ക്കാരനായി പ്രവര്‍ത്തിച്ചുവരിയാണ്. ശിക്ഷിക്കപ്പെടുമെന്നതില്‍ അല്ല വേദന. എന്നെ ആകപ്പാടെ തെറ്റിദ്ധരിച്ചുവെന്നതിലാണ്. നീതിനിര്‍വഹണസ്ഥാപനത്തിന് നേര്‍ക്ക് പകയോടെ, നിന്ദ്യമായി. ആസൂത്രിത ആക്രമണം നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. അങ്ങനെയെങ്കില്‍ അത്തരമൊരാക്രമണം നടത്തിയതിന്റെ തെളിവുകള്‍ കോടതി അവതരിപ്പിക്കാത്തതില്‍ അതിശയവുമുണ്ട്. സോ മോട്ടോ നോട്ടീസ് നല്‍കാന്‍ കാരണമായ പരാതിയുടെ പകര്‍പ്പ് എനിക്ക് നല്‍കേണ്ട ആവശ്യമില്ലെന്ന കോടതിയുടെ കണ്ടെത്തലില്‍ നിരാശയുണ്ട്. മറുപടി സത്യവാങ്മൂലത്തിലും അഭിഭാഷകന്‍ മുഖേന വ്യക്തമാക്കിയ കാര്യങ്ങളിലുമുള്ള എന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലും നിരാശനാണ്.

എന്റെ ട്വീറ്റിനെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാന സ്തംഭത്തിന്റെ അടിത്തറയെ അസ്ഥിരപ്പെടുത്തുന്നതായി കോടതി കണ്ടെത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്റെ ഉത്തമവിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ട്വീറ്റുകളെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. അത് പ്രകടിപ്പിക്കുകയെന്നത് ഏത് ജനാധിപത്യത്തിലും നിര്‍ബന്ധമായും അനുവദനീയമായിരിക്കണം. നീതിന്യായ വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുപരിശോധന അഭികാമ്യമാണ്. ജനാധിപത്യത്തില്‍ ഏതൊരു സ്ഥാപനത്തിന് നേര്‍ക്കുമുള്ള തുറന്ന വിമര്‍ശനവും ഭരണഘടനാ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള പരിഗണനകള്‍ ഭാവിയിലേക്കുള്ള നമ്മുടെ ഉത്തരവാദിത്വ നിര്‍വഹണം ഇല്ലാതാക്കുന്ന രീതിയിലാകരുത്. എന്നെപ്പോലെ കോടതിയുടെ ഭാഗമായ ഉദ്യോഗസ്ഥനെ സംബന്ധിച്ച് കടമ നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയായിരിക്കും സംസാരിക്കാന്‍ കഴിയാതിരിക്കുക എന്നത്.

ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തില്‍, പരമോന്നത കടമയായി ഞാന്‍ കരുതുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചെറിയ ശ്രമം മാത്രമായിരുന്നു ആ ട്വീറ്റുകള്‍. അത് മനസ്സാന്നിധ്യമില്ലാതെ ചെയ്തതല്ല. എന്റെ ഉത്തമവിശ്വാസത്തില്‍ നിന്ന് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറയുകയെന്നത് ആത്മവഞ്ചനയും സ്വയം നിന്ദയുമായിരിക്കും. വിചാരണ നേരിട്ടപ്പോള്‍ രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ് വിനീതമായി എനിക്കിവിടെ പുനരവതരിപ്പിക്കാനുള്ളത്. ഞാന്‍ ദയയ്ക്കായി അപേക്ഷിക്കുന്നില്ല, ഔദ്യാര്യത്തിനായി അഭ്യര്‍ത്ഥിക്കുന്നുമില്ല.കോടതി കുറ്റമെന്ന് കണ്ടെത്തിയ കാര്യത്തില്‍ നിയമപരമായ എന്തുശിക്ഷ ചുമത്തിയാലും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ ഒരുക്കമാണ്. പൗരന്‍ എന്ന നിലയില്‍ അതെന്റെ ഉന്നതമായ കടമയായാണ് കാണുന്നത്.

പ്രശാന്ത് ഭൂഷണിന് ജയില്‍ ശിക്ഷ വിധിച്ചാലും പുനപരിശോധന ഹര്‍ജിയിലെ തീരുമാനത്തിന് ശേഷം വിധി നടപ്പാക്കിയാല്‍ മതിയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രസ്താവിച്ചിരുന്നു. മറ്റൊരു ബഞ്ച് ശിക്ഷയില്‍ വാദം കേള്‍ക്കണമെന്ന് പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ഇത്തരത്തില്‍ ഒരു വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി. എല്ലാ വ്യക്തികള്‍ക്കും കോടതിയെ വിമര്‍ശിക്കാം, അതിനൊരു ലക്ഷ്മണ രേഖയുണ്ടെന്ന നിരീക്ഷണവും ജസ്റ്റിസ് അരുണ്‍ മിശ്രയില്‍ നിന്നുണ്ടായി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചുള്ള ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
'സ്വാതന്ത്ര്യസമര പോരാളികള്‍ നേടിയെടുത്ത ഇന്ത്യയില്‍ നിന്ന് എത്ര അകലെയാണ് ഇന്ന് നമ്മള്‍'; പ്രശാന്ത് ഭൂഷണ്‍
ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
'നീതി ഉറപ്പാക്കുക', പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ 1500 അഭിഭാഷകര്‍

Related Stories

No stories found.
logo
The Cue
www.thecue.in