കേന്ദ്ര പദ്ധതി അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം; ട്രെയിനും ബസും അഗ്നിക്കിരയാക്കി ഉദ്യോഗാര്‍ത്ഥികള്‍

കേന്ദ്ര പദ്ധതി അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം; ട്രെയിനും ബസും അഗ്നിക്കിരയാക്കി ഉദ്യോഗാര്‍ത്ഥികള്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക സേവന പദ്ധിയായ അഗ്നിപഥിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ഹ്രസ്വകാലത്തേക്ക് നിയമനം നടത്തുമ്പോള്‍ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.

ദേശീയ പാത ഉപരോധിച്ചും ടയറുകള്‍ കത്തിച്ചുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുന്ന ഉദ്യാഗാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്.

ബീഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകളും ബസുകളും കത്തിച്ചു. ഹരിയാനയില്‍ പൊലീസുമായി വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. രാജസ്ഥാനിലേക്കും ജമ്മു കശ്മീരിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.

അതേസമയം പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ബി.എസ് രാജു രംഗത്തെത്തി. നിയമനത്തനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നാണ് ബി.എസ് രാജു പറഞ്ഞത്.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17.5 വയസുമുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക.

നാല് ആഴ്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. അതേസമയം സ്ഥിരനിയമനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in