ഈ പൂവ് തന്നിട്ടെന്ത് കാര്യം? എയർപോർട്ടിൽ കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥി

ഈ പൂവ് തന്നിട്ടെന്ത് കാര്യം? എയർപോർട്ടിൽ കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥി. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ കൃത്യമായി നടപടികൾ സ്വീകരിക്കാതെ ഇങ്ങനെ പൂക്കൾ വിതരണം ചെയ്യുന്നതൊക്കെ അർത്ഥശൂന്യമാണെന്ന് ബീഹാറിൽ നിന്നുള്ള വിദ്യാർത്ഥിയായ ദിവ്യാൻഷു സിം​ഗ് പറഞ്ഞു.

അതിർത്തി കടന്ന് ഹം​ഗറിയിൽ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത്. അതിന് മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്ത് പേർ ചേർന്ന് ഒരു ​ഗ്രൂപ്പ് ഉണ്ടാക്കി ട്രെയിനിൽ കയറുകയാണ് ചെയ്തത്, ദിവ്യാൻഷു എൻ.ഡി.ടി.വിയോട് പറഞ്ഞു.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾ ഹരാസ്മെന്റ് നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് തദ്ദേശീയർ സഹായിച്ചുവെന്നായിരുന്നു മറുപടി. പോളണ്ട് ബോർഡറിൽ ചിലർ ഹരാസ്മെന്റ് നേരിടുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം നമ്മുടെ സർക്കാരിനാണ്.

കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഞങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു. തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ ആദ്യം ആവശ്യപ്പെട്ടത് അമേരിക്കയായിരുന്നു. ഇപ്പോൾ ഞങ്ങൾ ഇന്ത്യയിൽ എത്തി, ഈ പുഷ്പം തന്ന് സ്വീകരിക്കുന്നതിന്റെ അർത്ഥമെന്താണ്? ദിവ്യാൻഷു ചോദിച്ചു.

3726 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്. നിരവധി വിദ്യാർത്ഥികളാണ് ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in