എന്താണ് ബഫർ സോൺ ആശങ്ക?; മലയോര മേഖലയിലെ സമരവും സർക്കാരിന്റെ അനുനയ നീക്കവും

എന്താണ് ബഫർ സോൺ ആശങ്ക?; മലയോര മേഖലയിലെ സമരവും സർക്കാരിന്റെ അനുനയ നീക്കവും

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർ സോൺ (ഇക്കളോജിക്കൽ സെൻസിറ്റീവ് സോൺ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്ത് വന്നതോടെ മലയോരമേഖലയിൽ ഉടലെടുത്ത ആശങ്ക വലിയ സമരമുഖം തുറന്നിരിക്കുകയാണ്. 62ഓളം കർഷകസംഘടനകളും പ്രതിപക്ഷ പാർട്ടികളും സംസ്ഥാനത്തുടനീളം സമര പ്രഖ്യാപനത്തിലേക്ക് കടന്നിരിക്കുന്നു. ഉപ​ഗ്രവ സർവേ പ്രകാരം 49,324 കെട്ടിടങ്ങളാണ് ബഫർസോൺ പരിധിയിലുള്ളത്. ഇതിൽ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടും. ഇതോടെ കുടിയിറക്ക് ഭീഷണിയിലായവരാണ് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.

റിപ്പോർട്ട് അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ആവർത്തിക്കുന്നത്. 2021ൽ കേന്ദ്രത്തിനു കൈമാറിയ സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്‌സൈറ്റുകളിലും റിപ്പോർട്ട് ലഭ്യമാണ്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കേരളാ കർഷക അതിജീവന സംയുക്ത സമിതിയാണ് 62 കർഷക സംഘടനകളെ സംയോജിപ്പിച്ച് ബഫർസോണിലെ ആശങ്കകളുന്നയിച്ച് സമരത്തിലേക്ക് കടന്നിരിക്കുന്നത്.

എന്താണ് ബഫർ സോൺ?

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള ഭൂഭാഗമാണ് ബഫർസോൺ. സുപ്രീംകോടതി നിർദേശപ്രകാരം 2003ൽ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഉന്നതധികാര സമിതി(സെൻട്രൽ എംപവേർഡ് കമ്മിറ്റി) ബഫർ സോണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഈ മേഖലയിലെ നിയന്ത്രണങ്ങളെ കുറിച്ചും നിരോധനങ്ങൾ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന വിജ്ഞാപനവും വന്നു. വൻകിട്ട കെട്ടിടങ്ങൾ, റിസോർട്ടുകൾ, ഖനികൾ, രാസമാലിന്യങ്ങൾ പുറംതള്ളുന്ന വ്യവസായ ശാലകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണമോ നിരോധനമോ ഈ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന ബഫർസോണിലുണ്ടാകും.

2022 ജൂൺ മൂന്നിന് ടി.എൻ ഗോദവർമ്മൻ തിരുമുൽപാടിന്റെ ഹർജിയിൽ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധി ബഫർ സോൺ ആയി പ്രഖ്യാപിക്കണമെന്നും ഇവിടങ്ങളിലെ ഖനന, നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുവരവ് തടയാനാണ് ഉത്തരവ് ലക്ഷ്യമിടുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീം കോടതി പുറത്തിറക്കിയ നോട്ടീസിൽ ബഫർ സോണുകളിൽ പതിനഞ്ചോളം പ്രവൃത്തികൾക്ക് പൂർണ നിരോധനമുണ്ട്. വൻകിട കെട്ടിടങ്ങളോ, റിസോർട്ടുകളോ പാടില്ല. പുതിയതും പഴയതുമായ എല്ലാ വാണിജ്യ ഖനനങ്ങൾക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികൾക്കും നിരോധനമുണ്ട്. പുതിയ വ്യവസായ സ്ഥാപനങ്ങൾക്കും നിലവിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ എക്സ്റ്റൻഷൻ വർക്കുകൾക്കും അനുമതിയില്ല.

ജലവൈദ്യുത പദ്ധതികളുടെ നിർമാണത്തിനും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും അനുമതിയില്ല. വാണിജ്യ അടിസ്ഥാനത്തിലുളള കോഴിഫാം, മര-വ്യവസായ ശാലകൾ എന്നിവ പ്രവർത്തിപ്പിക്കാനും അനുമതിയില്ല. സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ ബഫർ സോൺ പരിധിയിൽ വരുന്ന സ്വകാര്യ, സർക്കാർ, റവന്യൂ ഭൂമിയിൽ നിന്ന് മരം വെട്ടാനും പാടില്ല.

ആൾ കേരള കത്തോലിക്കാ കോൺഗ്രസ്സ് ഡിസംബർ 20 ന് ഇടുക്കിയിൽ നടത്തിയ മാർച്ച്
ആൾ കേരള കത്തോലിക്കാ കോൺഗ്രസ്സ് ഡിസംബർ 20 ന് ഇടുക്കിയിൽ നടത്തിയ മാർച്ച്

ബഫർ സോണിൽ എന്താണ് പുതിയ ആശങ്ക? കേരളത്തിൽ ഇപ്പോൾ എന്ത് സംഭവിച്ചു

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിർമിതികളുടെ കണക്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോണ്മെന്റ് സെന്റർ എന്ന സ്ഥാപനം ഉപഗ്രഹ സർവേ നടത്തി. 50 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട സർവ്വേ 42 ദിവസം കൊണ്ട് പൂർത്തിയാക്കി സ്ഥാപനം പ്രഥമിക റിപ്പോർട്ട് 2022 ഓഗസ്റ്റ് 29ന് സമർപ്പിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ആ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. റിപ്പോർട്ടിൽ കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ ബഫർ സോണിൽ വീടുകളും കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം 49,324 കെട്ടിടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതേതുടർന്നാണ് കുടിയിറക്ക ഭീഷണിയുടെ ആശങ്കയിലായ മലയോര വാസികൾ സമരത്തിനറങ്ങുന്നത്. കെസിബിസിയുടെ നേതൃത്വത്തിലുള്ള കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (കാസ്) ഏകോപനത്തിൽ കേരളത്തിലെ 62 ഓളം പ്രാദേശിക കർഷക സംഘടനകൾ കേരളമൊട്ടാകെ സമരത്തിലാണ്. 2022 ജൂലൈ 30ന് എറണാകുളത്ത് വെച്ചാണ് കാസ് രൂപീകരിക്കുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യവുമായി താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയേലും രംഗത്ത് വന്നു. പകരം നേരിട്ടുള്ള ഗ്രൗണ്ട് സർവേ നടത്തണമെന്നും ആവശ്യപ്പെട്ടു. കർഷക സമരം വ്യാപകമായതോടെ പ്രതിപക്ഷം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഉപഗ്രഹ സർവേ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതാണെന്നും നേരിട്ടുള്ള ഫീൽഡ് സർവേ വേണമെന്ന ആവശ്യം ന്യായമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നു.

പ്രതിപക്ഷത്തെ അത്രകണ്ട് വിശ്വാസത്തിലെടുക്കാൻ സഭയോ സമരസമിതിയോ തയ്യാറായിട്ടില്ല. കാസിന്റെ കീഴിൽ സമരം ചെയ്യുന്ന 'വി ഫാം' എന്ന കർഷക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ അഡ്വ സുമിൻ ദ ക്യു വിനോട് പറഞ്ഞത്, യുഡിഎഫിന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അവരുടെ മുതലെടുപ്പ് രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നായിരുന്നു. പ്രതിപക്ഷ കക്ഷികൾ പിന്തുണക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും അതിലെ ആത്മാർഥതയിൽ സംശയമുണ്ടെന്നായിരുന്നു താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മുഖ്യമന്ത്രി ഞങ്ങൾക്ക് അനുകൂലമായി നിൽക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ, എടുക്കുന്ന നടപടികൾ ഒന്നുകൂടി സുതാര്യമാവുകയും കർഷകസൗഹൃദമാവുകയും ചെയ്യണമെന്നാണ് ആവശ്യം. ബിഷപ്പ് കൂട്ടിച്ചേർത്തു.

2022 സെപ്റ്റംബർ 29ന് ബഫർ സോൺ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഫീൽഡ് പരിശോധന നടത്തുന്നതിനുമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ജയിംസ് വർഗീസ് എന്നിവരായിരുന്നു അംഗങ്ങൾ.

സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രമോദ് ജി. കൃഷ്ണൻ (അഡീഷണൽ പി.സി.സി.എഫ് (വിജിലൻസ് & ഫോറസ്റ്റ് ഇന്റലിജൻസ്), ഡോ.റിച്ചാർഡ് സ്‌കറിയ (ഭൂമി ശാസ്ത്ര അധ്യപകൻ), ഡോ. സന്തോഷ് കുമാർ എ.വി (കേരള ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി), ഡോ.ജോയ് ഇളമൺ (കില ഡയറക്ടർ) എന്നിവർ അംഗങ്ങളാണ്. എന്നാൽ ഈ സമിതിയെക്കുറിച്ചും സമരസമിതിക്ക് വിരുദ്ധാഭിപ്രായമാണുള്ളത്. ആശങ്കകൾ പരിഹരിക്കാൻ സമിതി ഇതുവരെ ഒരു സിറ്റിംഗ് പോലും വെച്ചില്ലെന്നും കൃഷിവകുപ്പിന്റെ പ്രതിനിധികളെ സമിതിയിൽ പരിഗണിച്ചില്ലെന്നും അഡ്വ സുമിൻ ദ ക്യു വിനോട് പറഞ്ഞു.

ആരെയൊക്കെ ബാധിക്കും?

മംഗളവനത്തിന്റെ ചുറ്റളവിലെ ബഫർസോൺ പരിധിയിൽ വരുന്ന കേരളാ ഹൈക്കോടതി കെട്ടിടം മുതൽ കൊച്ചിയുടെ പല നഗരപ്രദേശങ്ങളും ബഫർ സോണിന്റെ അകത്താകും. ഒമ്പതോളം സംരക്ഷിത വനമേഖലയുള്ള ജില്ലയായതുകൊണ്ട് ഇടുക്കിയെയാവും ബഫർ സോൺ നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുക. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, മത സ്ഥാപനങ്ങൾ എന്നിങ്ങനെ 16,500 ഓളം കെട്ടിടങ്ങളാണ് ബഫർ സോണിൽ ഇടുക്കി ജില്ലയിൽ നിലവിലുള്ളത്.

ഏറ്റവും കൂടുതൽ ബാധിക്കുന്ന വന്യജീവി സങ്കേതം വയനാടാണ്. വയനാട്ടിൽ ഉൾപ്പെട്ടിരിക്കുന്നത് 13581 കെട്ടിടങ്ങളാണ്. 344.44 സ്‌ക്വയർ കിലോമീറ്ററാണ് വയനാട് വന്യജീവി സങ്കേതം. മുത്തങ്ങ, സുൽത്താൻബത്തേരി, തോൽപ്പെട്ടി, കുറിച്ച്യാട് റേഞ്ചുകൾ ഉൾപ്പെടുന്നതാണിത്. മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ ആറ് വില്ലേജുകളും വരും. തിരുനെല്ലി, തൃശ്ശിലേരി, പുൽപ്പള്ളി, ഇരുളം, നൂൽപ്പുഴ പഞ്ചായത്തുകൾ ഇതിന്റെ പരിധിയിലാണ്. നിയന്ത്രങ്ങൾ ബാധിക്കുന്ന മറ്റൊരു മേഖലയാണ് മലബാർ വന്യജീവി സങ്കേതം.

പെരുവണ്ണാമൂഴി റേഞ്ചിനു കീഴിലുളള കോഴിക്കോട്, വയനാട് അതിർത്തി പ്രദേശങ്ങളുൾപ്പെടുന്ന 80 ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ് മലബാർ വന്യജീവി സങ്കേതം.2845 ജനവാസകേന്ദ്രങ്ങളാണ് ഇതിന് ചുറ്റുമുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളാണ് മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളോട് ചേർന്നുള്ള ബഫർസോണിൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും അടക്കമുള്ളത് 3146 കെട്ടിടങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള മേഖലയിൽ 2123 കെട്ടിടങ്ങളും കൊട്ടിയൂരിന്റെ പരിധിയിൽ 1023 കെട്ടിടങ്ങളും ഉണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 70.96 സ്‌ക്വയർ കിലോമീറ്ററിലാണ് നെയ്യാർ ആൻഡ് പേപ്പാറ വന്യജീവി വന്യജീവി സങ്കേതം വരുന്നത്. ഇതിന് ചുറ്റും 3146 ജനവാസ കേന്ദ്രങ്ങളാണുള്ളത്.

ഇടതുപക്ഷം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്,

ബഫർസോൺ നിയന്ത്രണത്തിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് ലഭിച്ചില്ലെങ്കിൽ വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്ന് കാണിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോഴിക്കോട് ജില്ലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കയ്യാളുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ ബഫർസോൺ മേഖലയിൽ നിന്ന് കുടിയിറക്കൽ ഉണ്ടാകില്ലെന്ന് പഞ്ചായത്ത് ഉറപ്പു നൽകുന്നുണ്ടെങ്കിലും ഭീതിജനകമായ സാഹചര്യം പ്രതിപക്ഷം സൃഷ്ടിക്കുമ്പോൾ പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത് എന്ന പഞ്ചായത്ത് പ്രസിഡന്റ കെ. അനിൽ പറയുന്നു.

ഇതിന്റെ ഭാഗമായി ഡിസംബർ 24ന് പ്രത്യേക ഭരണ സമിതി യോഗം ചേരുമെന്നും സുപ്രീംകോടതിയിൽ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും കക്ഷി ചേരുമെന്നും പ്രസിഡന്റ് അറിയിച്ചു. എല്ലാ വാർഡുകളിലും ജനകീയ ഗ്രാമസഭകൾ വിളിച്ച് ചേർത്ത് അഭിപ്രായങ്ങൾ ആരായാൻ പഞ്ചായത്ത് നീങ്ങുകയാണ്. ഇത് സംസ്ഥാന സർക്കാരിന് എതിരായ നീക്കമല്ലെന്നും സർക്കാർ ആവശ്യപ്പെട്ടത് പോലെ റവന്യു ഭൂമിയിലേക്ക് നീളുന്ന ബഫർ സോണിനെ വനത്തിനകത്ത് തന്നെ നിർത്തണം എന്നുതന്നെയാണ് പഞ്ചായത്തിന്റെയും നിലപാടെന്നും കെ അനിൽ പറഞ്ഞു.

വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ പറഞ്ഞത്

2022 ഡിസംബർ 16ന് പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിൽ ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനം- മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ദേശീയ ഉദ്യാനവും പാർക്കും ഉൾപ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണായി നിൽക്കണം. ഈ വിധിയെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം എങ്ങനെ പരിഹരിക്കാം എന്നാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

ജനവാസ മേഖലയല്ലാത്ത സ്ഥലം വളരെ കുറവാണ്. കെട്ടിടങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ സുപ്രീംകോടതിക്ക് നൽകണം. ഇതാണ് ജനസാന്ദ്രത കാണിക്കുന്നതിനുള്ള തെളിവ്. സാറ്റലൈറ്റ് സർവേ നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. അതനുസരിച്ചുള്ള ആകാശ സർവേയാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്. അതുകൊണ്ടു മാത്രം യാഥാർഥ്യമായി കൊള്ളണമെന്നില്ല എന്നത് സർക്കാരിന് ബോധ്യമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു വിദഗ്ധ നിഷ്പക്ഷ സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചു. ഈ സമിതി ഇതിനകം മൂന്നു തവണ യോഗം ചേർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം അറിയണം. അതിനുള്ള അടിസ്ഥാന രേഖയാണ് ആകാശ സർവേയുടെ റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി ഒരു പെർഫോമ തയാറാക്കിയിട്ടുണ്ട്. സുപ്രീം കോടതിക്ക് മുൻപാകെ ഇപ്പോൾ ഹർജി നൽകിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ബഫർസോണുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്താണ് പ്രതിപക്ഷം പറയുന്നത്?

സുപ്രീം കോടതി ഉത്തരവിന്റെ പാശ്ചാതലത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ഉപഗ്രഹ സർവേയിൽ പല പുതിയ സ്ഥലങ്ങൾ ഉൾപ്പെടുകയും സർവേ നമ്പറുകൾ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച് മലയോരവാസികൾ സമരമാരംഭിച്ചിരുന്നു. തുടർന്ന്, അപാകതകൾ നിറഞ്ഞതും അവ്യക്തവുമായ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു. പ്രാഥമിക റിപ്പോർട്ടിൽ കാര്യമായ ക്രമക്കേടുണ്ടെന്നും ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും വിമർശിച്ചു. ഉപഗ്രഹ സർവേ പിൻവലിച്ച് നേരിട്ടുള്ള ഫീൽഡ് സർവേ നടത്തണമെന്നും മലയോര വാസികളുടെ ആശങ്കകൾക്കൊപ്പം യു.ഡി.എഫ് നിൽക്കുന്നെന്നും സമരം ഏറ്റെടുക്കയാണെന്നും പറഞ്ഞു. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നത്.

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിലപാട് ആവർത്തിച്ചാൽ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും എന്നിട്ടും എത്ര ലാഘവത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സീറോ ബഫർ സോൺ എന്ന നിലപാടിൽ സർക്കാർ ഉറച്ച് നിൽക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് വലിയരീതിയിലുള്ള സാമൂഹിക ആഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷം.

2022 ഡിസംബർ 20ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഞ്ച് ചോദ്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു

1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കിൽ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടർന്ന് ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?

2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?

3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവൽ സർവേ നടത്താൻ തയാറാകാതെ ഉപഗ്രഹ സർവെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?

4. അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?

5. ഉപഗ്രഹ റിപ്പോർട്ടിൽ സുപ്രീം കോടതിയിൽ നിന്ന് കേരള താൽപര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?

ഉമ്മൻചാണ്ടി സർക്കാറിന്റെ '0 മുതൽ 12 കിലോമീറ്റർ' തിരുത്തി '0 മുതൽ 1 കിലോമീറ്റർ' ആക്കുകയാണ് എൽഡിഎഫ് ചെയ്തത്: മുഖ്യമന്ത്രി

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ് വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും കേന്ദ്ര സർക്കാരിന്റെ ബഫർ സോൺ പ്രഖ്യാപനം ഉണ്ടായത്. 2011 ൽ കേരളത്തിൽ യുഡിഎഫ് സർക്കാർ വന്നതിനുശേഷം ബഫർ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യ ജീവി ബോർഡിന്റെ മൂന്ന് ഉപ സമിതികൾ രൂപീകരിക്കുകയുണ്ടായി. വി.ഡി സതീശൻ, ടി.എൻ പ്രതാപൻ, എൻ ഷംസുദ്ദീൻ എന്നീ യുഡിഎഫ് എംഎൽഎമാരായിരുന്നു ഉപസമിതി അധ്യക്ഷന്മാർ.

ഉപസമിതി സിറ്റിങ്ങുകൾക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റർ വരെ ബഫർ സോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്. തുടർന്ന് 2013 മേയ് എട്ടിന്റെ മന്ത്രിസഭാ യോഗത്തിൽ ഫയൽ നമ്പർ 12881/ഡി 2/2012 വനം, ഇനം നമ്പർ 3443 ആയി ദേശീയ ഉദ്യാനങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റും 0 മുതൽ 12 കിലോമീറ്റർ വരെ ബഫർ സോൺ പ്രഖ്യാപിക്കണമെന്ന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചു. 'പൂജ്യം മുതൽ 12 കിലോമീറ്റർ' എന്നതിൽ നിന്നും ബഫർ സോൺ പരിധി '0 മുതൽ 1 കിലോമീറ്റർ വരെ' നിജപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബർ 31 ന് മന്ത്രിസഭ തീരുമാനിച്ചു. ബഫർ സോൺ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ വെച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഘട്ടത്തിലെത്തി നിൽക്കവെയാണ് ഗോദവർമ്മൻ തിരുമൽപ്പാട് കേസിൽ 2022 ജൂൺ 3 ന് സുപ്രീം കോടതി വിധിയുണ്ടായത്.

'വിധിക്ക് ശേഷം സർക്കാർ ചെയ്തത്'

വിധി വന്ന് അഞ്ചു ദിവസത്തിനകം 2022 ജൂൺ എട്ടിന് പ്രസ്തുത ഉത്തരവ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി വനം -വന്യജീവി വകുപ്പുമന്ത്രി യോഗം വിളിച്ചു ചേർത്തു. സുപ്രീം കോടതി നിർദ്ദേശിച്ച 1 കി.മീ.പരിധിയിൽ വരാവുന്ന കെട്ടിടങ്ങൾ നിർമ്മാണങ്ങൾ എന്നിവയുടെ കണക്ക് എടുക്കുന്നതിന് സഹായിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേരളാ സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൺവിയോൺമെന്റ് സെന്റർ ഡയറക്ടർക്ക് ജൂൺ പതിമൂന്നിന് കത്തയച്ചു.

പ്രസ്തുത ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കണം, ആവശ്യമായ നിയമനിർമ്മാണം നടത്തണം, ജനവാസ മേഖലകൾ ഒഴിവാക്കണം, കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കണം, പൊതുതാൽപര്യാർത്ഥം സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്ക് സംസ്ഥാന വനംവന്യജീവി വകുപ്പുമന്ത്രി ജൂൺ പതിനാലിന് കത്തയച്ചു. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും വിധം ജനവാസ മേഖല ഒഴിവാക്കികിട്ടുന്നതിന് ആവശ്യമായ റിവ്യൂ-മോഡിഫിക്കേഷൻ ഹർജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ജനറലിന് സർക്കാർ ജൂൺ ഇരുപത്തിനാലിന് കത്ത് നൽകി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിന് ജൂൺ ഇരുപത്തിയഞ്ചിന് കത്തയച്ചു. ജൂലായ് ഏഴിന് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. പതിനാലിന്ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അന്നുതന്നെ സുപ്രീംകോടതി വിധിയിന്മേൽ സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി ഫയൽ ചെയ്തു.

നിലവിലുള്ള നിർമ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ അല്ലെങ്കിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ പൂർണ്ണമാകാൻ സാധ്യതയില്ല എന്നും കെട്ടിടങ്ങൾ, ചില ഭൂപ്രദേങ്ങൾ എന്നിവ നിഴൽ മൂലമോ മരങ്ങളുടെ തടസ്സങ്ങൾ വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാകും എന്നും വന്നു. അത് മനസ്സിലാക്കിയാണ് ഫീൽഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

ജനവാസമേഖലകളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണമെന്ന് മുഖ്യമന്ത്രി

പ്രതിഷേധം രൂക്ഷമായതോടെ ഡിസംബർ 18ന് ഉപഗ്രഹ സർവേ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സർവേ സദുദ്ദേശത്തോടെയാണ് നടത്തിയതെന്നും റിപ്പോർട്ട് അന്തിമരേഖയല്ലെന്നും ആശങ്കപ്പെടേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിവിധ പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പ്രത്യേകമായി പരിശോധിക്കും. എല്ലാവർക്കും അവരവരുടെ ആശങ്കൾ പങ്കുവെക്കാൻ വാർഡ് തലത്തിൽ തന്നെ അവസരമൊരുക്കും. ജനവാസമേഖലകളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. മലയോര മേഖലയിൽ പ്രത്യേക താലപര്യത്തോടെ ചിലർ നടത്തുന്ന ഇടപെടലിന്റെ ഫലമാണ് ഇപ്പോഴുണ്ടായ ആശങ്ക. ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുമെന്നും ജനങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട് സുപ്രീം കോടതിക്ക് കൈമാറില്ലെന്ന് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനും വ്യക്തമാക്കി.

ശേഷം ഡിസംബർ 20ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വനം, റവന്യൂ, ധന, തദ്ദേശ സ്വയംഭരണ, ജലവിഭവ മന്ത്രിമാരും അഡ്വ.ജനറലും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് 2022 ഡിസംബർ 21ന് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗവും ചേർന്നു. അതിൽ നേരിട്ടുള്ള ലാൻഡ് സർവേ നടത്തുമെന്ന തീരുമാനം കൈകൊണ്ടു. ബഫർസോൺ മേഖലയിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. മേഖലയിൽ വാഹന നിയന്ത്രണം, കാർഷിക പ്രവർത്തനങ്ങളുടെ നിരോധനം മുതലായവ വരും എന്ന തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത് മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബഫർ സോൺ സംബന്ധിച്ച് കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവ്വേ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും അടക്കമുള്ള പൂർണ്ണ രൂപം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത് ഇതു സംബന്ധിച്ച വിദഗ്ധ സമിതി തീരുമാനം അടിസ്ഥാനമാക്കിയാണ്. ഉപഗ്രഹസർവ്വെ റിപ്പോർട്ട് ഒരു സൂചകം മാത്രമാണ്, അന്തിമ രൂപമല്ല. ഇത് അന്തിമ തീരുമാനമാണെന്ന രീതിയിൽ ഇത് സംബന്ധിച്ച പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതും തെറ്റായ പ്രചരണമാണ്. മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ

1. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറിയത്. ബഫർ സോണിന്റെ കാര്യത്തിൽ ഈ മാപ് മാത്രമായിരിക്കും അടിസ്ഥാന രേഖ. ഈ മാപ് ഇന്നു തന്നെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. വനം വന്യജീവി വകുപ്പ് തയാറാക്കിയിട്ടുള്ള ഈ മാപ് പൊതുജനങ്ങൾക്ക് കാണാനായി എല്ലാ വാർഡിലും വായനശാല, അങ്കണവാടി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും.

2. ഈ കരട് ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പരുകൾ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളിൽ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

3. ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സമയം നൽകും. അത്തരം അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡസ്‌ക്ക് രൂപീകരിച്ചു. അധിക വിവരങ്ങൾ നിശ്ചിത പെർഫോമയിലാണ് നൽകേണ്ടത്. ഈ പെർഫോമ ഹെൽപ് ഡസ്‌കുകളിൽ നിന്നും കേരള സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. നിശ്ചിത പെർഫോമയിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് eszexpertcommittee@gmail എന്ന ഇമെയിൽ വിലാസത്തിലും ഹെൽപ് ഡസ്‌കുകളിൽ നേരിട്ടും നൽകാവുന്നതാണ്. ഇങ്ങനെ നൽകുന്ന അധിക വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കും.

4. ഓരോ വാർഡിലും വാർഡ് മെമ്പറും ഫോറസ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചയ്യാൻ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ ഇതിന്റെ ഭാഗമായി രൂപീകരിക്കും. ഈ സമിതിയാണ് ഹെൽപ് ഡസ്‌കുകളുടെ മേൽനോട്ടവും വഹിക്കേണ്ടത്. ഇവർക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെ എസ് ആർ ഇ സി പരിശീലനം നൽകും. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒരോ നിർമ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിങ്ങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകൾ ആയി ഹെൽപ് ഡസ്‌കുകൾ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈൽ ഹെൽപ് ഡസ്‌ക് സജ്ജമാക്കാമോ എന്നും പരിശോധിക്കാവുന്നതാണ്. അങ്ങിനെയെങ്കിൽ മൈക് അനൗൺസ്മെന്റ് കൂടി ഇതേ വാഹനത്തിൽ സജ്ജീകരിക്കാം.

5. ഇതേ സമിതി തന്നെ ഫീൽഡ് വെരിഫികേഷനും നടത്തും.

6. എല്ലാ തരം നിർമിതികളും ഉൾപ്പെടുത്തുന്നതിനുള്ള വ്യക്തമായ നിർദേശം നൽകി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുൽമേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിർമിതികളും ഉൾക്കൊള്ളിക്കണം.

7. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാർഡ് തല ഹെൽപ് ഡസ്‌കിന് കൈമാറുകയും ചെയ്യും.

8. ലഭ്യമായ അധിക വിവരങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പ് വീണ്ടും മാപ് പുതുക്കും. പുതുക്കിയ മാപ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകരിക്കുന്ന സർവകക്ഷി സമിതി പരിശോധിക്കും.

9. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ വനം വകുപ്പ് അന്തിമ കരട് റിപ്പോർട്ട് തയാറാക്കും.

10. ജില്ലാ തലത്തിൽ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേൽനോട്ട സമിതി രൂപീകരിക്കും.

കരുതലോടെ സർക്കാർ, അനുനയ നീക്കം

ബഫർ സോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന നിലപാടുമായി എൻ എസ് എസും രം​ഗത്ത് വന്നിട്ടുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്റെതെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും ആവർത്തിക്കുന്നുണ്ട്. ബഫർസോൺ സമരം രൂക്ഷമാകുന്നതോടെ വിഴിഞ്ഞം സമരത്തിന് പിന്നാലെ സര‍്ക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

സഭയുടെ പിന്തുണയിൽ സംഘടനകളും, പ്രതിപക്ഷ കക്ഷികളും കൂടി സമരരംഗത്തേക്ക് വരുന്നതോടെ ശക്തി പ്രാപിക്കുന്ന സമരത്തെ കരുതലോടെയാണ് സർക്കാർ കാണുന്നത്. അനുനയ നീക്കമെന്ന നിലയിൽ മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷക സംഘങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നൽകുന്ന സിറോ മലബാർ സഭയെ അനുനയിപ്പിക്കാനും സർക്കാർ നിലപാട് വ്യക്തമാക്കാനുമായിരുന്നു കൂടിക്കാഴ്ച.

Related Stories

No stories found.
logo
The Cue
www.thecue.in