.png?w=480&auto=format%2Ccompress&fit=max)
രാജ്യത്ത് സംഭവിക്കുന്ന അപകടങ്ങളെ ദേശീയ ദുരന്തമായി കണക്കാക്കാൻ നിരവധി മാനദണ്ഡങ്ങളുണ്ട്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന പദം കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുക, സ്വത്തുവകകൾ നശിക്കുക, പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുക എന്നിങ്ങനെ ഒരു അപകടം ഒരു പ്രദേശത്തിന് താങ്ങാനാവുന്നതിലും അധികമാണെങ്കിലാണ് അവ ഈ ഗണത്തിൽ പെടുക. ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം എന്നിവ പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെടുന്നു. ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിർമിത ദുരന്തവും ഇതിൽ ഉൾപ്പെടും.
മാനദണ്ഡങ്ങൾ
പത്താം ധനകാര്യ കമ്മിഷൻ (1995-2000) ആണ് ദേശീയ ദുരന്തത്തെ സംബന്ധിച്ച് കൃത്യമായ നിർവചനം കൊണ്ടുവന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ഒരു ദുരന്തത്തെ 'അപൂർവ്വ തീവ്രതയുള്ള ദേശീയ ദുരന്തം' എന്ന് വിളിക്കാനാകും. എന്നാൽ, എന്താണ് അപൂർവ തീവ്രതയുള്ള ദുരന്തം എന്നത് സംബന്ധിച്ച് കൃത്യമായ നിർവ്വചനം പത്താം ധനകാര്യ കമ്മിഷൻ നൽകിയിട്ടില്ല. ദുരന്തത്തിനുണ്ടയ ആഘാതങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിൻ്റെ ശേഷി, ആശ്വാസ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ ശേഷി എന്നിവയാണ് പ്രധാനമായ അടിസ്ഥാനം. കൂടുതൽ ജീവനാശം, നാശനഷ്ടം, പരിസ്ഥിതി ശോഷണം തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷം മാത്രമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക.
നേട്ടങ്ങൾ
ഒരു സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അധികസഹായം നൽകണം. കൂടാതെ ദേശീയ തലത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണ നൽകണം. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക ഫണ്ടിനും ഈ സംസ്ഥാനം അർഹത നേടും. കൂടാതെ വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും.
ദേശീയ ദുരന്ത നിവാരണ കമ്മറ്റിയാണ് ദുരന്തത്തിന്റെ സാമ്പത്തിക സഹായങ്ങൾ തീരുമാനിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകുക. ദുരിതബാധിത സംസ്ഥാനങ്ങളിലേക്ക് വിവിധ കേന്ദ്ര മന്ത്രാലയ സംഘങ്ങളെ നിയോഗിക്കും. നാശനഷ്ടങ്ങളും ആവശ്യമായ ദുരിതാശ്വാസ സഹായങ്ങളും ഇവരാണ് വിലയിരുത്തുക. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.
2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2014-ൽ ചെന്നൈയിലും 2018ൽ കേരളത്തിലുമുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ആവശ്യം നിരാകരിക്കുകയായിരുന്നു. നിയമത്തിൽ അത്തരമൊരു വ്യവസ്ഥയില്ലെന്ന് കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. എങ്കിലും കൂടുതൽ സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു.