'അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു' ; ശാന്തത പാലിക്കണമെന്ന് ട്രംപിനെ ഉന്നമിട്ട് ജോ ബൈഡന്‍

'അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു' ; ശാന്തത പാലിക്കണമെന്ന് ട്രംപിനെ ഉന്നമിട്ട് ജോ ബൈഡന്‍

തെരഞ്ഞെടുപ്പ് വിജയത്തില്‍ തങ്ങള്‍ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അക്കങ്ങള്‍ അക്കാര്യം അടിവരയിടുന്നതായി ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം. ഞങ്ങള്‍ വിജയിക്കാന്‍ പോവുകയാണ്. 24 മണിക്കൂര്‍ മുന്‍പ് ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഞങ്ങള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്നിലാണ്. നെവാഡയിലും അരിസോണയിലും ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു.

നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി ഞങ്ങള്‍ വിജയത്തിലേക്ക് പോകുകയാണ്. ഈ രാജ്യത്തിന്റെ പിന്‍തുണയോടെ ഞങ്ങള്‍ വിജയിക്കും. കടുത്ത തെരഞ്ഞെടുപ്പിന് ശേഷം പിരിമുറുക്കം അല്‍പ്പം കൂടുതലാണ്. എന്നാല്‍ ശാന്തത പാലിക്കേണ്ടതുണ്ടെന്നും ബൈഡന്‍ ട്രംപിനെ പരോക്ഷമായി ലക്ഷ്യമിട്ട് വ്യക്തമാക്കി. നമ്മള്‍ എതിരാളികളായിരിക്കാം. പക്ഷേ ശത്രുക്കളല്ല. അമേരിക്കക്കാരാണെന്നും ബൈഡന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അരിസോണയില്‍ 24 വര്‍ഷത്തിന് ശേഷവും ജോര്‍ജിയയില്‍ 28 വര്‍ഷത്തിന് ശേഷവും ഇതാദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ പോകുന്നതെന്ന് ബൈഡന്‍ ട്വീറ്റും ചെയ്തു. ജോര്‍ജിയ, പെന്‍സില്‍വാനിയ,നെവാഡ എന്നിവിടങ്ങളില്‍ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. 264 ഇലക്ടറല്‍ വോട്ടുകള്‍ ഇതിനോടകം ബൈഡന്‍ നേടി. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ 306 ഇലക്ടറല്‍ വോട്ടുകളുമായെങ്കിലും ബൈഡന് വിജയിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളേ നേടാനായിട്ടുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in