ഇത് ചരിത്ര വിജയം, ഫെഫ്കയില്‍ വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അംഗത്വം ലഭിച്ചതില്‍ ഡബ്ല്യു.സി.സി

ഇത് ചരിത്ര വിജയം, ഫെഫ്കയില്‍ വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അംഗത്വം ലഭിച്ചതില്‍ ഡബ്ല്യു.സി.സി

മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിറ്റ ആന്റണിക്ക് ഫെഫ്കയ്ക്ക് കീഴിലുള്ള മേക്കപ്പ് യൂണിയനില്‍ അംഗത്വം ലഭിച്ചത് ചരിത്ര വിജയമാണെന്ന് ഡബ്ല്യു.സി.സി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സ്ത്രീകളും അവര്‍ക്കൊപ്പം വിമണ്‍ ഇന്‍ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിന്റെ ആദ്യവിജയമാണിതെന്നും ഡബ്ല്യു.സി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇത് ഒരാളില്‍ ഒതുങ്ങാതെ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ കാരണമാകട്ടെയെന്നും ഡബ്ല്യു.സി.സി കുറിച്ചു.

തിങ്കളാഴ്ച ഫെഫ്ക ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനാണ് അംഗത്വം കൈമാറിയത്. ഫെഫ്കയുടെ അഫിലിയേഷനില്‍ ഉള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ വനിതകള്‍ക്ക് അംഗത്വം ലഭിക്കാത്തത് വാര്‍ത്തയായിരുന്നു.

2011ല്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ അംഗത്വത്തിന് മിറ്റ അപേക്ഷിച്ചിരുന്നെങ്കിലും സ്ത്രീകള്‍ക്ക് കാര്‍ഡ് കൊടുക്കുന്നില്ല എന്ന പേരില്‍ അംഗത്വം നിഷേധിക്കുകയായിരുന്നു.

ഇതുവരെ 37 ഓളം ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മിറ്റ ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ല്യു.സി.സി അംഗവുമാണ്. അംഗത്വം നേടിയെടുക്കാന്‍ ഡബ്ല്യു.സി.സിയുടെ പിന്തുണ ഏറെ ഗുണം ചെയ്തുവെന്ന് മിറ്റ ആന്റണി മാതൃഭൂമിയോട് പ്രതികരിച്ചു. വനിതകള്‍ക്ക് അംഗത്വം നല്‍കാത്തത് ചൂണ്ടിക്കാട്ടി ഡബ്ല്യു.സി.സി ഫെഫ്കയ്ക്ക് കത്തെഴുതിയിരുന്നു.

മേക്കപ്പ് യൂണിയന്റെ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അംഗത്വം കൊടുക്കണം എന്ന തീരുമാനം പാസാക്കിയതാണ്. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നീണ്ടുപോയതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മിറ്റയുടെ കാര്യം ചര്‍ച്ചയായപ്പോഴാണ് ഈ വിവരം താന്‍ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇത് ചരിത്ര വിജയം!

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും സ്വതന്ത്ര മേക്കപ്പ് വുമണ്‍ന്റെ കാര്‍ഡ് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നു. മുപ്പതിലധികം പടങ്ങളില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആന്റണിക്ക് ലഭിക്കാന്‍ പോകുന്ന ഈ മേക്കപ്പ് കാര്‍ഡ് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തു കൂടിയാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സ്ത്രീകളും അവര്‍ക്കൊപ്പം വിമണ്‍ ഇന്‍ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിന്റെ ആദ്യവിജയമാണിത്. ഇത് ഒരാളില്‍ ഒതുങ്ങാതെ ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്ക് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ പ്രസ്തുത കാര്‍ഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴില്‍ അവസരങ്ങള്‍ മലയാള സിനിമയില്‍ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ! കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in