അട്ടിമറിശ്രമം, ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയെന്ന് ഡബ്ല്യു.സി.സി

അട്ടിമറിശ്രമം, ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയെന്ന് ഡബ്ല്യു.സി.സി

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘതലവനായ ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി നിരാശാജനകമെന്ന് ഡബ്ല്യു.സി.സി. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത്് സംഭവിച്ച ഈ സര്‍ക്കാര്‍ തീരുമാനം എല്ലാ പ്രതീക്ഷകളും അട്ടിമറിക്കുന്നതാണെന്നും ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡബ്ല്യു.സി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഞങ്ങള്‍ക്ക് ആശങ്കയുണ്ട്

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്ക്കെതിരെ നീങ്ങിയതാണ് ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാന ചലനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവിയെ നീക്കിയ സര്‍ക്കാര്‍ നടപടി അപ്രതീക്ഷിതമായിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കി വെള്ളിയാഴ്ച നിയമിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in