നിസാരമായി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍, ചര്‍ച്ച നിരാശാജനകം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി

നിസാരമായി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍, ചര്‍ച്ച നിരാശാജനകം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി. റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഡബ്ല്യു.സി.സി നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാ ജനകമായിരുന്നെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വിളിക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.

ചര്‍ച്ചയില്‍ ഒന്നും തീരുമാനമായിട്ടില്ല. വളരെ സമയമെടുത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്.

മന്ത്രി പറയുന്നത് റിപ്പോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഭാഗമുണ്ടെന്നാണ്. ഇന്നത്തെ മീറ്റിംഗില്‍ വ്യക്തതകുറവുണ്ട്. ഇത്രയും പണവും സമയവും കൊടുത്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ടിനകത്തുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും എന്താണെന്ന് മനസിലാകാതെ ഇതിലെ റെക്കമെന്‍ഡേഷന്‍സിനെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും ഡബ്ല്യു.സി.സി പ്രതിനിധികള്‍ ചോദിച്ചു.

'നിര്‍ദേശങ്ങള്‍ പോലും നിരാശാജനകമാണ്. വളരെ നിസാരമായി കണ്ടു കൊണ്ട് തയ്യാറാക്കിയ നിര്‍ദേശങ്ങളാണ്. വായിച്ചാല്‍ മനസിലാകും. സര്‍ക്കാര്‍ ഒരുപാട് സമയമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണിത്. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതുപോലെ ഇതും പുറത്ത് വിടണം,' ഡബ്ല്യുസിസി പ്രതിനിധി പത്മപ്രിയ പറഞ്ഞു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നാണ് സജി ചെറിയാന്‍ ചോദിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കണം. അതാണ് നമുക്ക് വേണ്ടത്. അതിനൊരു നിയമമാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതുകൊണ്ട് ഈ പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ. അതൊക്കെ വേറെ ഉദ്ദേശ്യം കൊണ്ടാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്റെ ഉള്ളടക്കത്തെ ഗവണ്‍മെന്റ് അംഗീകരിച്ചു. അതിലെങ്ങനെ നമുക്ക് നിയമം ഉണ്ടാക്കാം എന്നതിലേക്കാണ് നമ്മള്‍ പോകേണ്ടത്. മറ്റ് വിവാദങ്ങളിലേക്ക് പോകേണ്ടതില്ല. റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ആണ് പ്രശ്നമെന്ന തരത്തില്‍ വിവാദം ഉണ്ടാക്കണം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. സിനിമാ മേഖലയെ സുരക്ഷിതമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in