'വിജയ് ബാബുവിലെ പീഡന വീരനെ അറിയാന്‍ ഇനിയെന്ത് തെളിവ് വേണം?'; സ്ത്രീകള്‍ ഒരുമിക്കേണ്ട സമയമെന്ന് ഡബ്ല്യു.സി.സി

'വിജയ് ബാബുവിലെ പീഡന വീരനെ അറിയാന്‍ ഇനിയെന്ത് തെളിവ് വേണം?'; സ്ത്രീകള്‍ ഒരുമിക്കേണ്ട സമയമെന്ന് ഡബ്ല്യു.സി.സി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ മറ്റൊരു പെണ്‍കുട്ടി കൂടി ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ വിജയ് ബാബുവിലെ പീഡന വീരനെ തിരിച്ചറിയാന്‍ ഇനിയെന്ത് തെളിവാണ് വേണ്ടതെന്ന് ഡബ്ല്യു.സി.സി. സോഷ്യല്‍ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത് നിയമത്തിന് കീഴില്‍ ശിക്ഷാര്‍ഹമാണെന്നും സ്ത്രീകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഡബ്ല്യു.സി.സിയുടെ കുറിപ്പ്:

പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ നടി പീഡന പരാതി ഉയര്‍ത്തി, വിവാഹിതനായ തന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദര്‍ഭത്തിലാണ് കുറച്ചു മണിക്കൂര്‍ മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടിയോട് അയാള്‍ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളില്‍ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാന്‍ മറ്റെന്ത് തെളിവാണ് വേണ്ടത്?

തനിക്കെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതല്‍, സോഷ്യല്‍ മീഡിയയില്‍ അവള്‍ അപമാനിക്കപ്പെടുകയാണ്.

സുപ്രീം കോടതിയുടെ ലൈംഗിക പീഡനത്തിന്റെ നിര്‍വ്വചനത്തില്‍ സ്ത്രീകള്‍ക്കു നേരെ അവര്‍ ആഗ്രഹിക്കാത്ത രീതിയില്‍ നടത്തുന്ന ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും ഉള്‍പ്പെടും. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴില്‍ ശിക്ഷാര്‍ഹമാണ്. നിശ്ശബ്ദത മുറിച്ച് സ്ത്രീകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.