ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; പി രാജീവിനെ തള്ളി ഡബ്ല്യു.സി.സി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; പി രാജീവിനെ തള്ളി ഡബ്ല്യു.സി.സി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗമായ ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സിനിമാ മേഖയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലപാട്. അതേസമയം പരാതിക്കാരികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. അന്ന് നല്‍കിയതിന് സമാനമായ കത്ത് തന്നെയാണ് മന്ത്രിക്കും നല്‍കിയതെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരോട് സംസാരിച്ചതില്‍ നിന്നും മനസ്സിലാകുന്നത്, പരാതിക്കാരികളുടെ സ്വകാര്യത, സംഭവ സ്ഥലം, സമയം, മൊഴികള്‍ തുടങ്ങിയവ പുറത്തുവരുന്നതില്‍ അവര്‍ മന്ത്രിയോട് വേവലാതികള്‍ അറിയിച്ചിരുന്നു. ഇതില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ആളെ തിരിച്ചറിയാന്‍ ഇടയാക്കില്ലേ എന്ന ആശങ്കയും പങ്കുവെച്ചിരുന്നു. രഹസ്യാത്മകമായ വസ്തുതകള്‍ ഒഴിവാക്കി, റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് തന്നെയാണ് സംഘടനയുടെ അഭ്യര്‍ത്ഥനയെന്നും ദീദി ദാമോദരന്‍ അറിയിച്ചു.

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പഠിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞതായി നിയമമന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദീദിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടു എന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. നിയമമന്ത്രാലയത്തിലേക്ക് സമിതിയുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്. അത് സാംസ്‌കാരിക വകുപ്പിന് കൈമാറിയശേഷം നടപടി സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in