ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്, ഇത് രാജ്യത്തിന്റെയും തോല്‍വിയാണ്; കോണ്‍ഗ്രസ് പരാജയത്തില്‍ വിടി ബല്‍റാം

ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്, ഇത് രാജ്യത്തിന്റെയും തോല്‍വിയാണ്; കോണ്‍ഗ്രസ് പരാജയത്തില്‍ വിടി ബല്‍റാം

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്നാണ് വിടി ബല്‍റാം പറഞ്ഞത്. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്‍സ് സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതല്ല. എങ്കിലും നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ലെന്ന് വിടി ബല്‍റാം പറഞ്ഞു.

ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുതൊട്ടേ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി വന്ന ദിവസം ദുര്‍ദിനമാണെന്നും നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം പറഞ്ഞു.

ഇന്ത്യ ഒരു മതനിരപേക്ഷ-ജനാധിപത്യ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ആധുനികതയിലേക്ക് ഉറ്റുനോക്കുന്ന പുരോഗമന കാഴ്ച്ചപ്പാടുള്ള ഒരു നാടെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന് ഇനിയുമൊരു ഭാവിയുണ്ടെന്ന് എന്ന് തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുകയാണ്. ആ അടിസ്ഥാന മൂല്യങ്ങളിലാണ് നമ്മള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.

255 സീറ്റുകളാണ് യുപിയില്‍ ബിജെപിക്ക് ലഭിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ അടുക്കലേക്ക് അവര്‍ക്ക് വീണ്ടും വരാന്‍ സാധിച്ചു. ഏത് യോഗിക്കും വീണ്ടും തുടര്‍ഭരണം സാധ്യമാകുന്ന ഒരുനാടായി ഇന്ത്യ മാറുന്നു എന്നത് ഗൗരവതരമായിട്ടുള്ളൊരു കാര്യമാണ്. ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്ലിമിനെ കാണാന്‍ സാധിക്കുന്നില്ല. മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നു. അതാണ് ഉത്തര്‍പ്രദേശില്‍ അടക്കം നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയമല്ല, മറിച്ച് ഇത്ര പരസ്യമായി പുറന്തള്ളലിന്റെയും മാറ്റി നിര്‍ത്തലിന്റെയും രാഷ്ട്രീയം ഉണ്ടായാലും ജനങ്ങള്‍ അത് അംഗീകരിക്കുന്നു. ഇത് തെറ്റാണെന്ന് ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് ആശങ്കയുണ്ടാകുന്നത്. അതിന് പരിഹാരം ചേര്‍ത്തുനിര്‍ത്തലിന്റെ രാഷ്ട്രീയമാണ് എന്നും വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in