പ്രതിയെപ്പോലും നാണിപ്പിക്കുന്ന പ്രതികരണം, സുധാകരന്റെ കള്ളം കേരളത്തില്‍ വിലപോവില്ല: മറുപടിയുമായി വി.കെ. സനോജ്

പ്രതിയെപ്പോലും നാണിപ്പിക്കുന്ന പ്രതികരണം, സുധാകരന്റെ കള്ളം കേരളത്തില്‍ വിലപോവില്ല: മറുപടിയുമായി വി.കെ. സനോജ്

കെ. സുധാകരന്റെ കള്ളം കേരളത്തില്‍ വിലപ്പോവില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടി നുണപ്രചരണം ആദ്യം മുതലേ ആരംഭിച്ചിട്ടുണ്ടെന്നും സനോജ് ദ ക്യുവിനോട് പറഞ്ഞു.

ധീരജിന്റെ രക്തസാക്ഷിത്വത്തില്‍ ഇടതുപക്ഷം ആഹ്ലാദിക്കുകയാണ് എന്ന സുധാകരന്റെ പരാമര്‍ശത്തിലാണ് സനോജിന്റെ മറുപടി.

പ്രതിയെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തുന്നതെന്നും അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് മൂന്ന് സെന്റിമീറ്റര്‍ മാത്രമേ ആഴമുള്ളു അത് കത്തികൊണ്ട് കുത്തിയതിന് എന്താണ് ഉറപ്പ് എന്നൊക്കെ ചോദിച്ചത് എന്നും സനോജ് പറഞ്ഞു.

കേരളത്തില്‍ കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്നതിന് ശേഷം കെ എസ് ബ്രിഗേഡ് എന്ന പേരില്‍ ഗുണ്ടാ സംഘങ്ങളെ വിവിധ ജില്ലകളില്‍ നിയോഗിക്കുകയാണ്. ആ കെ എസ് ബ്രിഗേഡില്‍പ്പെട്ട പല ആളുകളെയുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളായി നേരിട്ട് നോമിനേറ്റ് ചെയ്യുന്നത്. അവര് ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയും പച്ചക്ക് ന്യായീകരിക്കുകയും അവരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് സുധാരന്‍ ഇന്ന് മറ്റൊരു കള്ളം കൂടി അവതരിപ്പിക്കുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും സനോജ് പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെയാണ് സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശം.

''ധീരജിന്റെ കൊലപാതകത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദുഃഖമല്ല, ആഹ്ളാദമാണ് എന്ന് നിങ്ങള്‍ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്ത് വാങ്ങി രേഖയുണ്ടാക്കി എന്നതാണ്.

ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാന്‍ ഭൂമി വാങ്ങാന്‍ പോയി സി.പി.എമ്മുകാരന്‍. അവരുടെ സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്ളാദിക്കുകയായിരുന്നു അവര്‍. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്ളാദപൂര്‍വ്വം കൊണ്ടാടുകയാണ് സി.പി.ഐ.എം,'' എന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

വി.കെ സനോജ് പറഞ്ഞത്

ധീരജിന്റെ കൊലപാതകത്തിന് നേതൃത്വം കൊടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃത്വം ആണ് ഇപ്പോള്‍ പിടിക്കപ്പെട്ടത്. ചോര കൈയ്യോടുകൂടി അവര്‍ അറസ്റ്റിലാകുകയും പൊലീസില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും അവരെ സഹായിക്കുന്ന കോണ്‍ഗ്രസിന്റെയും നിലപാട് പൊതു സമൂഹത്തിന് മുന്നില്‍ കൂടുതല്‍ വെളിവാക്കപ്പെട്ടു. അതിന്റെ ജാള്യതയില്‍നിന്ന് മുഖം മറയ്ക്കാന്‍ തുടര്‍ച്ചയായി നുണ പ്രചരണം നടത്തിക്കൊണ്ടിരിക്കുയാണ്. ഒരു കുട്ടിയുടെ നെഞ്ചില്‍ കത്തിയിറക്കി കൊന്നിട്ട് ആ രക്തത്തിന്റെ നനവ് മണ്ണില്‍ നിന്ന് മാറുന്നതിന് മുമ്പേ, സംഭവത്തിനെ അപലപിക്കുന്നു എന്നോ, കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാമെന്നോ അല്ല, സിപിഐഎമ്മിനകത്തുള്ള വിഭാഗീയതയാണ് ഈ കുട്ടിയുടെ കൊലപാതകത്തിന് കാരണം എന്നാണ് സുധാകരന്‍ ആദ്യം നടത്തിയ പ്രതികരണം.

സിപിഐഎമ്മിനകത്ത് വിഭാഗീയത ഉണ്ടെങ്കില്‍ അതെങ്ങനെയാണ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയെ കൊല്ലുന്നതിന് കാരണമാകുക? ഇത്തരത്തില്‍ സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടി നുണപ്രചരണം ആദ്യം മുതലേ ആരംഭിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണിത്.

ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ പറഞ്ഞത്; മുറിവിന് മൂന്ന് സെന്റിമീറ്റര്‍ മാത്രമേ ആഴമുള്ളു അത് കത്തികൊണ്ട് കുത്തിയതാണ് എന്നതിന് എന്താണ് ഉറപ്പ് എന്നുമാണ്. ഈ പ്രതി തന്നെ, കത്തി കൊണ്ട് കുത്തിയത് താനാണെന്നൊക്കെ സമ്മതിച്ചിട്ടുണ്ട്.

പ്രതിയെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തുന്നത്. കേരളത്തില്‍ കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വന്നതിന് ശേഷം കെ എസ് ബ്രിഗേഡ് എന്ന പേരില്‍ ഗുണ്ടാ സംഘങ്ങളെ വിവിധ ജില്ലകളില്‍ നിയോഗിക്കുകയാണ്. ആ കെ എസ് ബ്രിഗേഡില്‍പ്പെട്ട പല ആളുകളെയുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളായി നേരിട്ട് നോമിനേറ്റ് ചെയ്യുന്നത്. അവര് ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയും പച്ചക്ക് ന്യായീകരിക്കുകയും അവരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് സുധാരന്‍ ഇന്ന് മറ്റൊരു കള്ളം കൂടി അവതരിപ്പിക്കുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in