‘രണ്ട് ബസ് പൊലീസുണ്ടായിട്ടും ആരും വന്നില്ല’, ആക്രമിക്കപ്പെട്ട ആംബുലന്‍സിലുണ്ടായിരുന്ന  പ്രതീഷ് പറയുന്നു

‘രണ്ട് ബസ് പൊലീസുണ്ടായിട്ടും ആരും വന്നില്ല’, ആക്രമിക്കപ്പെട്ട ആംബുലന്‍സിലുണ്ടായിരുന്ന പ്രതീഷ് പറയുന്നു

മുന്നിലെ സീറ്റിലിരിക്കുകയായിരുന്ന സഖാവ് ഉപാസന ഗോയലിനെയും അക്രമികള്‍ ഉപദ്രവിച്ചു. അവരുടെ മുടിയിലും കോളറിലും ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു അക്രമികള്‍. ഉപാസനയുടെ വശത്തുണ്ടായിരുന്ന ചില്ലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാപസില്‍ ആക്രമികള്‍ക്കെതിരെ പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന വാദം ബലപ്പെടുത്തി കൂടുതല്‍ ആരോപണങ്ങള്‍. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ആക്രമിക്കപ്പെട്ടപ്പോഴും പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആംബുലന്‍സിലെ മെഡിക്കല്‍ വോളന്റിയര്‍ പ്രതീഷ് പ്രകാശ്. ആക്രമണം നടത്തിയവര്‍ക്കെതിരെ വസന്ത് കുഞ്ജ് നോര്‍ത്ത് പൊലീസ് സേറ്റഷനില്‍ നല്‍കിയ പരാതി ആദ്യം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പ്രതീഷ് ആരോപിക്കുന്നു.

ഡിവൈഎഫ്‌ഐയുടെ രണ്ട് ആംബുലന്‍സുകള്‍ ഡല്‍ഹി ഷഹീന്‍ ബാഗിലെ സമരപരിസരത്ത് ആയിരുന്നു. ജെഎന്‍യുവിലെ ആക്രമണ വാര്‍ത്ത അറിഞ്ഞ് ഒരു ആംബുലന്‍സ് അങ്ങോട്ട് വിടുകയായിരുന്നു. പൊലീസ് ചെക്കിംഗ് കഴിഞ്ഞാണ് അകത്ത് കയറിയത്. ജെ.എന്‍.യു. മെയ്ന്‍ ഗേറ്റിന്റെ അടുത്തു വെച്ചു ഡോര്‍ അടയ്ക്കാന്‍ സമ്മതിക്കാതെ വലിയൊരു കൂട്ടമാളുകള്‍ വണ്ടിയുടെ പിറകേ കൂടിയെന്നും മെഡിക്കല്‍ വോളന്റിയറിങ്ങിനാണു വന്നതെന്ന് പറഞ്ഞിട്ടും, കൂടെയുള്ള ഡോക്ടര്‍മാരുടെ ഐഡി കാര്‍ഡ് കാണിച്ചിട്ടും വണ്ടി മുന്നോട്ടു പോകാന്‍ സമ്മതിച്ചില്ലെന്നും പ്രതീഷ് പ്രകാശ് ദ ക്യുവിനോട് പ്രതികരിച്ചു. ജെഎന്‍യു കാമ്പസ് പരിസരത്ത് ഇത്രയധികം പൊലീസ് ഉണ്ടായിട്ടും ആരും സംഘര്‍ഷ സ്ഥലത്തേക്ക് വരുന്നുണ്ടായിരുന്നില്ലെന്നും പ്രതീഷ്.

സംഭവത്തെക്കുറിച്ച് പ്രതീഷ് പ്രകാശ് പറയുന്നത്

പ്രതിഷേധിക്കാനല്ല, ഡി.വൈ.എഫ്.ഐയുടെ മെഡിക്കല്‍ വോളന്റിയറായിട്ടാണ് ജെ.എന്‍.യു.വില്‍ പോയത്. ആംബുലന്‍സിന്റെ പിന്നിലായിട്ടായിരുന്നു ഞാനിരുന്നത്. ഷഹീന്‍ബാഗില്‍ പോയിരുന്ന രണ്ട് ആംബുലന്‍സുകളിലൊന്നിനെ, ജെ.എന്‍.യുവിലെ ഏ.ബി.വി.പി. ആക്രമണത്തിന്റെ വാര്‍ത്തയറിഞ്ഞാണ്, ഇങ്ങോട്ട് തിരിച്ചു വിട്ടത്.

അവിടെ ഞാനും, രവിശങ്കര്‍, ഉപാസന ഹസാരിക എന്നിങ്ങനെയുള്ള മറ്റ് രണ്ട് ഡി.വൈ.എഫ്.ഐ. വോളന്റിയര്‍മാരും ഈ ആംബുലന്‍സിന്റെ ഒപ്പം - സായി, സ്പന്ദന്‍, ഹരീഷ്, ആസിഫ്, ഡോ. പ്രവീണ്‍, ഡോ. ഷായരി എന്നിവരുള്‍പ്പെടുന്ന സംഘത്തോടൊപ്പം ചേരും എന്നതായിരുന്നു ധാരണ. ജെ.എന്‍.യു. മെയ്ന്‍ ഗേറ്റിന്റെ അടുത്തു വെച്ചു ആംബുലന്‍സില്‍ കയറിയ ഉടനെ തന്നെ ഡോര്‍ അടയ്ക്കാന്‍ സമ്മതിക്കാതെ വലിയൊരു കൂട്ടമാളുകള്‍ വണ്ടിയുടെ പിറകേ കൂടി. മെഡിക്കല്‍ വോളന്റിയറിങ്ങിനാണു വന്നതെന്ന് പറഞ്ഞിട്ടും, കൂടെയുള്ള ഡോക്റ്റര്‍മാരുടെ ഐഡി കാര്‍ഡ് കാണിച്ചിട്ടും, ഞങ്ങളുടെ കയ്യിലെ മരുന്നുപെട്ടികള്‍ തുറന്നു കാണിച്ചിട്ടും അവര്‍ വെറുതേ വിട്ടില്ല. വണ്ടി മുന്നോട്ടു പോകാന്‍ സമ്മതിക്കാതെ, അവര്‍ വണ്ടിക്കു ചുറ്റും നിന്നു.

എന്റെ വസ്ത്രത്തിലും കയ്യിലുമൊക്കെ പിടിച്ചു വലിച്ച് എന്നെ പുറത്തിടുവാനുള്ള ആള്‍ക്കൂട്ടത്തിന്റെ ശ്രമങ്ങള്‍ തടഞ്ഞത് കൂടെയുണ്ടായിരുന്ന മറ്റ് ഡി.വൈ.എഫ്.ഐ. വോളന്റിയര്‍മാരാണ്. ഇതിന്റെ ഒപ്പം തന്നെ മുന്നിലെ സീറ്റിലിരിക്കുകയായിരുന്ന സഖാവ് ഉപാസന ഗോയലിനെയും അക്രമികള്‍ ഉപദ്രവിച്ചു. അവരുടെ മുടിയിലും കോളറിലും ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു അക്രമികള്‍. ഉപാസനയുടെ വശത്തുണ്ടായിരുന്ന ചില്ലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

ജെ.എന്‍.യു.വിലെ ഏ.ബി.വി.പിക്കാര്‍ മുതല്‍ തലമുടിയും താടിയും നരച്ച പടുകിഴവന്മാര്‍ വരെ ഞങ്ങളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ഏകദേശം പതിനഞ്ച് മിനുട്ടോളം ഞങ്ങള്‍ ഈ ആക്രമത്തെ പ്രതിരോധിച്ചു വാഹനത്തിന്റെ ഉള്ളിലിരുന്നു. രണ്ട് വലിയ ബസ് പൊലീസ് സന്നാഹം ജെ.എന്‍.യു. മെയ്ന്‍ ഗേറ്റിന് മുന്നില്‍ സംഭവം നടക്കുന്നതിന്റെ തൊട്ടടുത്തു ഉണ്ടായിരുന്നുവെങ്കിലും ആരും ആ വഴിക്കു വന്നില്ല. അവസാനം അവര്‍ വണ്ടി തല്ലിപ്പൊളിക്കുവാന്‍ തുടങ്ങിയപ്പോഴാണ് ഒരു പൊലീസുകാരന്‍ വന്നു സംഘപരിവാര്‍ ഗൂണ്ടകളെ അവിടെ നിന്നും ഓടിച്ചു വിട്ടത്.

CAA വിരുദ്ധ സമരങ്ങള്‍ തുടങ്ങിയതിനു ശേഷം ഇതു രണ്ടാം തവണയാണ് ഡി.വൈ.എഫ്.ഐയുടെ മെഡിക്കല്‍ വാനും മെഡിക്കല്‍ വോളന്റിയര്‍മാരും ആക്രമിക്കപ്പെടുന്നത്. ആദ്യത്തേ തവണ ഡി.വൈ.എഫ്.ഐ. സി.യു.സി. സെക്രട്ടറി അനുഷാ പോളിനെതിരെ ഡെല്‍ഹി പൊലീസാണ് ആക്രമിച്ചതെങ്കില്‍, ഇത്തവണയത് സംഘപരിവാര്‍ ഗുണ്ടകള്‍ തന്നെ നേരിട്ടു നിര്‍വഹിച്ചു എന്ന വ്യത്യാസം മാത്രം.

വസന്ത് കുഞ്ജ് നോര്‍ത്ത് പൊലീസ് സേറ്റഷനില്‍ ഞങ്ങള്‍ നല്‍കിയ പരാതി സ്വീകരിക്കുവാന്‍ അവിടെയുള്ള SHO ആദ്യം മടിച്ചു. അവസാനം സിപിഐ(എം)ന്റെ രാജ്യസഭാംഗം കെ.കെ. രാഗേഷ് എംപി ഇടപെട്ടതിനു ശേഷമാണ് അവര്‍ പരാതി സ്വീകരിക്കുവാന്‍ തയ്യാറായതു തന്നെ. പൊലീസിനു പരാതി നല്‍കിയതിന് ശേഷം തിരികെ ജെ.എന്‍.യു. മെയ്ന്‍ഗേറ്റിലേക്കു തന്നെ ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ വാന്‍ കൊണ്ടുവരികയും, പരിക്കു പറ്റിയവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സമരസ്ഥലങ്ങളില്‍ ഡി.വൈ.എഫ്.ഐ ഡെല്‍ഹിയുടെ മെഡിക്കല്‍ വാനുകള്‍ ഇനിയും ഉണ്ടാകും. പരിക്കേറ്റവര്‍ ആരു തന്നെ ആയാലും, ഇനിയവര്‍ ആംബുലന്‍സ് തടയുവാന്‍ വന്നവരോ വോളന്റിയര്‍മാരെ ഉപദ്രവിക്കുന്നവരോ തന്നെ ആയാലും ഈ നഗരത്തിലെ ഏറ്റവും മികച്ച ഡോക്റ്റര്‍മാരെയും നഴ്‌സുമാരെയും വെച്ച്, ഞങ്ങള്‍ക്കു കഴിയാവുന്ന ഏറ്റവും മെച്ചപ്പെട്ട ചികിത്സ, ഡി.വൈ.എഫ്.ഐ. അവര്‍ക്കു നല്‍കും.

Related Stories

No stories found.
logo
The Cue
www.thecue.in