പൊലീസുമായി പൂര്‍ണമായും സഹകരിക്കും, കോടതിയില്‍ വിശ്വാസമെന്ന് വിജയ് ബാബു

പൊലീസുമായി പൂര്‍ണമായും സഹകരിക്കും, കോടതിയില്‍ വിശ്വാസമെന്ന് വിജയ് ബാബു

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ദുബായില്‍ നിന്ന് തിരിച്ചെത്തിയ വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നില്ലേ, വന്നു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും,' വിജയ് ബാബു പറഞ്ഞു.

അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് കഴിഞ്ഞദിവസം വരാതിരുന്നതെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞിരുന്നു. നാളെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കും.

നാട്ടിലെത്തിയ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായേക്കും. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയക്കും.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തല്‍ വെച്ച് അറസ്റ്റ് ചെയ്യരുതെന്നാണ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും തടഞ്ഞിട്ടുണ്ട്.

നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു 30ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച നാട്ടിലേക്കെത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in