നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് ജാമ്യം

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് ജാമ്യം

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലിന് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ വിജയ് ബാബുവിനെ ജാമ്യം നല്‍കി വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ വീണ്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജയ് ബാബു പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തുവെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.

നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in