വിദ്യാർഥികളെ മനസ്സിലാകാത്ത പഴഞ്ചൻ നേതൃത്വം, നടപടിയുണ്ടാകാതെ വി​ദ്യാർഥികൾ സമരം അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല: വിധു വിൻസെന്റ്

വിദ്യാർഥികളെ മനസ്സിലാകാത്ത പഴഞ്ചൻ നേതൃത്വം, നടപടിയുണ്ടാകാതെ വി​ദ്യാർഥികൾ സമരം അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല: വിധു വിൻസെന്റ്

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനങ്ങള്‍ക്കും സംവരണ അട്ടിമറിക്കുമെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംവിധായിക വിധു വിൻസെന്റ്. വിദ്യാർഥി മനസ്സിനെ ഒരു തരത്തിലും മനസ്സിലാകാത്ത പഴഞ്ചൻ നേതൃത്വമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇരിക്കുന്നത്. സർക്കാരിന് ഇനിയും ഇവർക്ക് ഇരിപ്പിടം നൽകണമെന്നുണ്ടെങ്കിൽ വേറെ സ്ഥാപനങ്ങൾ നോക്കണമെന്നും വിഷയത്തിൽ എത്രയും വേ​ഗം നടപടി സ്വീകരിക്കണമെന്നും വിധു വിൻസെന്റ് ദ ക്യുവിനോട് പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിൽ ദളിത് വിദ്യാർഥികൾക്കും ജീവനക്കാർക്കും നേരെയുണ്ടായ ജാതി വിവേചനവും അനധ്യാപകർക്ക് നേരെയുണ്ടായ മനുഷ്യത്വവിരുദ്ധ സമീപനവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. സിനിമ വിദ്യാർഥികൾ ചുറ്റുപാടുകളോട് പ്രതികരിക്കേണ്ടവരാണെന്ന ബോധമുള്ളവരാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇരിക്കേണ്ടതെന്നും, സർക്കാർ നടപടി എടുക്കുന്നത് വരെ വിദ്യാർ‌ഥികൾ സമരം തുടരുമെന്നും വിധു വിൻ‌സെന്റ് പറഞ്ഞു.

വിധു വിൻസെന്റിന്റെ പ്രതികരണം

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തി വരുന്ന സമരം ഒരു മാസം പിന്നിടുകയാണ്. വിദ്യാർഥികൾ എന്തുകൊണ്ട് സമരത്തിലേക്ക് നീങ്ങി എന്നത് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി കഴിഞ്ഞു. സർക്കാർ രണ്ടാമത് നിയോഗിച്ച കമ്മീഷനും ക്യാംപസിൽ എത്തുകയും തെളിവെടുക്കുകയും വിദ്യാർഥികളോടും ജീവനക്കാരോടും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഗവർണിം​ഗ് കൗൺസിൽ അംഗം എന്ന നിലയിൽ ഞാനും മൊഴി കൊടുത്തിരുന്നു.

വിദ്യാർഥികളില്ലാത്ത കൗൺസിലുകൾ

ഞാൻ അവിടെ കൗൺസിൽ അംഗമായി നിയമിതയായതിന് ശേഷം ഒരു തവണ മാത്രമാണ് കൗൺസിൽ മീറ്റിങ് കൂടിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു ഓൺലൈൻ മീറ്റിംഗ് ആയാണ് അത് സംഘടിപ്പിക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും അക്കാദമിക്ക് കൗൺസിലിൽ നിന്നും വിദ്യാർഥികളുടെ പ്രാതിനിധ്യം ഒഴിവാക്കിക്കൊണ്ടുള്ള ബൈലോ ശരിവെക്കുന്ന നടപടിയാണ് അന്ന് ആ മീറ്റിംഗിൽ ചെയ്തത്.

ആ ഘട്ടത്തിൽ തന്നെ എന്റെ വിയോജിപ്പ് ഞാൻ രേഖപ്പെടുത്തിയിരുന്നു. ബൈലോ നിലവിൽ വന്നതോടെ വിദ്യാർഥികൾക്ക് അവരുടെ പ്രശ്‍നങ്ങൾ പങ്കുവെക്കാനുള്ള പ്ലാറ്റ്ഫോം നഷ്ടപ്പെട്ടു. അതിന്റെ കൂടി അനന്തരഫലമായാണ് പ്രത്യക്ഷ സമരത്തിലേക്ക് അവർ നീങ്ങിയത്. ഇതൊക്കെ കമ്മീഷനും ബോധ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികളെ മനസിലാകാത്ത പഴഞ്ചൻ നേതൃത്വം

ദളിത് വിദ്യാർഥികൾക്ക് നേരെയുണ്ടായ ജാതി വിവേചനവും ജീവനക്കാർക്ക് നേരെയുണ്ടായ മനുഷ്യത്വവിരുദ്ധ സമീപനവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. പുതിയ കാലത്തെ വിദ്യാർഥി മനസ്സിനെ ഒരുതരത്തിലും മനസ്സിലാക്കാനാവാത്ത, പഴഞ്ചനായ ഒരു നേതൃത്വമാണ് ഈ സ്ഥാപനത്തിനുള്ളത്.

ഇത്തരം ആളുകൾക്ക് ഇരിപ്പിടം നൽകണമെന്ന് സർക്കാരിന് തോന്നുന്നുണ്ടെങ്കിൽ അതിനു മറ്റു സാംസ്കാരിക സ്ഥാപനങ്ങളുണ്ടല്ലോ. സിനിമാ വിദ്യാർഥികൾ ലോകത്തെ കണ്ണുതുറന്നും കാതുതുറന്നും കാണുകയും കേൾക്കുകയും വേണമെന്ന് ബോധ്യമുള്ള, ചുറ്റുപാടുകളിൽ ഇടപെടണമെന്ന് ചിന്തിക്കുന്ന ഒരു നേതൃത്വമാണ് ഇത്തരം അക്കാദമികളിൽ വേണ്ടത്. അത് സർക്കാരിന് ബോധ്യമായാൽ നന്നായിരിക്കും.

വിഷയത്തിൽ‌ നടപടിയുണ്ടാകാതെ വിദ്യാർഥികൾ സമരം നിർത്താൻ പോകുന്നില്ല. അതിൽ യാതൊരു സംശയവും വേണ്ട. അവർക്ക് കേരളത്തിലെ സാമൂഹിക സാംസ്കാരിക സിനിമ രംഗത്തുള്ള എല്ലാ മനുഷ്യരുടെയും ചിന്തിക്കുന്ന എല്ലാവരുടേയും പിന്തുണയുണ്ടാകും.

വിധു വിൻസെന്റ്

Related Stories

No stories found.
logo
The Cue
www.thecue.in