'ഭയ്യയും ഉണ്ടായിരുന്നു', കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില്‍ മന്ത്രിയുടെ മകന്റെ പങ്ക് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

'ഭയ്യയും ഉണ്ടായിരുന്നു', കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില്‍ മന്ത്രിയുടെ മകന്റെ പങ്ക് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്റെ പങ്ക് വെളിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പുറത്ത്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്നയാളെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.

ലഖ്‌നൗവിലെ ചാര്‍ബാഗില്‍ നിന്നുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. താന്‍ കറുപ്പ് നിറത്തിലുള്ള ഫോര്‍ച്യൂണര്‍ കാറിലായിരുന്നുവെന്നും ഇടിച്ചത് മുന്നില്‍ പോയ ഥാര്‍ ആയിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്.

കാറില്‍ ഉണ്ടായിരുന്നത് ആരാണെന്ന് പൊലീസ് ചോദിക്കുമ്പോള്‍ അത് ഭയ്യ ആണെന്നാണ് യുവാവ് മറുപടി പറയുന്നത്. ഭയ്യ എന്ന് വിളി സൂചിപ്പിക്കുന്നത് അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം ഭയ്യയുടെ ആളുകളാണെന്നും ഇയാള്‍ പറയുന്നുണ്ട്.

വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തിയിട്ടില്ല. അതേസമയം വീഡിയോ ബിജെപി എം.പി വരുണ്‍ ഗാന്ധി പങ്കുവെച്ചു. കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നേരത്തെയും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കര്‍ഷകരുടമേല്‍ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.എന്നാല്‍ സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.

വാഹനമിടിച്ച് നാല് കര്‍ഷകരടക്കം എട്ടുപേരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.

The Cue
www.thecue.in