'ജാതി പറയുക തന്നെ ചെയ്യും', നീതി നിഷേധിക്കപ്പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി നടേശന്‍

'ജാതി പറയുക തന്നെ ചെയ്യും', നീതി നിഷേധിക്കപ്പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി നടേശന്‍

പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ ജാതി പറയുന്നത് തുടരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന് എതിരായി നില്‍ക്കുന്നത് സമുദായാംഗങ്ങള്‍ തന്നെയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

'പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും നീതി നിഷേധിക്കപ്പെട്ടു. ഭാവിയില്‍ ഇത് ഉണ്ടാകാതിരിക്കാനാണ് ജാതി പറയുന്നത്. ജാതി പറയുക തന്നെ ചെയ്യും. രാഷ്ട്രീയ മോഹം കൊണ്ട് സംഘടനാ തലപ്പത്ത് എത്തിയ ചില നേതാക്കളുടെ പിഴവുകളാണ് സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ചത്. എസ്എന്‍ഡിപി യോഗത്തെ രാഷ്ട്രീയവത്കരിച്ച് മതേതരത്വം പറഞ്ഞ് ഇവര്‍ സംഘടനയെ സ്വന്തം വളര്‍ച്ചക്ക് ഉപയോഗിച്ചു. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. ജാതി സംവരണം നിലനില്‍ക്കുന്ന നാട്ടില്‍ ജാതി പറയാതിരുന്നിട്ട് കാര്യമില്ല.

ഇല്ലായ്മയെ ചൂഷണം ചെയ്ത് പിന്നാക്ക വിഭാഗങ്ങളെ കൂട്ടത്തോടെ മതംമാറ്റിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ ലവ് ജിഹാദിനെതിരേ രംഗത്തുവരുന്നത് തമാശയാണ്. ഗോവയിലും, കേരളത്തിന്റെ മലയോര മേഖലയിലും നടന്ന മതം മാറ്റങ്ങള്‍ മറന്നുപോകരുത്. മതേതരത്വം ഈഴവ വിഭാഗത്തിന്റെയോ ഹിന്ദുക്കളുടെയോ മാത്രം ബാധ്യതയല്ല.'

കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും രാഷ്ട്രീയ സമ്മര്‍ദ്ദശക്തികളായത് മതം പറഞ്ഞു തന്നെയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഈഴവ സമുദായത്തിന് രാഷ്ട്രീയമായിപ്പോലും പരിഗണന ലഭിക്കാത്ത സ്ഥലമായി എറണാകുളം മാറിയെന്നും വെള്ളാപ്പള്ളി, എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്റെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

'ജാതി പറയുക തന്നെ ചെയ്യും', നീതി നിഷേധിക്കപ്പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി നടേശന്‍
ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി ഡാം 11 മണിക്ക് തുറക്കും, മുന്നറിയിപ്പ്

Related Stories

No stories found.
logo
The Cue
www.thecue.in