മഹേശന്‍ നിരപരാധി; ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

മഹേശന്‍ നിരപരാധി; ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

മൈക്രോ ഫിനാന്‍സ് കേസില്‍ എന്‍എന്‍ഡിപി കണിച്ചിക്കുളങ്ങര സെക്രട്ടറി കെകെ മഹേശന്‍ നിരപരാധിയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു മഹേശന്‍. തന്റെ വലം കൈയ്യായിരുന്ന മഹേശനെ കുറിച്ച് ഇന്ന് നല്ലത് പറയുന്നവരാണ് നശിപ്പിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ചേര്‍ത്തല സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് മഹേശനെ വേട്ടയാടി. മഹേശനെ ആത്മഹത്യയിലേക്ക് എത്തിച്ചവരെ കണ്ടെത്തണം. കേസില്‍ സിബിഐ അന്വേഷണം വേണം. മാനസിക സംഘര്‍ഷം മഹേശന്‍ അനുഭവിച്ചിരുന്നു. പല കത്തുകളും ഇത് കാരണം എഴുതിയിട്ടുണ്ടൈന്നും മഹേശനെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ച മഹേശനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണം. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും കാണാതായ മഹേശനെ മാരാരിക്കുളം യൂണിയന്‍ ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കെ കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. മഹേശന്റെ കത്തുകളില്‍ ഇതെല്ലാം ഉണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐക്കും കത്തുകളെഴുതിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

The Cue
www.thecue.in