സമീപത്ത് വവ്വാലുകളുടെ ആവാസവ്യവസ്ഥ, 12 വയസ്സുകാരന് നിപ ബാധിച്ചത് റമ്പൂട്ടാന്‍ കഴിച്ചതിനാലാവാമെന്ന് ആരോഗ്യമന്ത്രി

സമീപത്ത് വവ്വാലുകളുടെ ആവാസവ്യവസ്ഥ, 12 വയസ്സുകാരന് നിപ ബാധിച്ചത് റമ്പൂട്ടാന്‍ കഴിച്ചതിനാലാവാമെന്ന് ആരോഗ്യമന്ത്രി
Published on

കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന് വൈറസ് ബാധയേറ്റത് റമ്പൂട്ടാന്‍ പഴം കഴിച്ചതിനാലാകാം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടി റമ്പൂട്ടാന്‍ കഴിച്ച സ്ഥലത്തിന് സമീപത്തായി വവ്വാലുകളുടെ ആവാസവ്യവസ്ഥ കണ്ടെത്തിയതായും മന്ത്രി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

'ബന്ധുവീട്ടില്‍ നിന്നായിരുന്നു കുട്ടി റമ്പൂട്ടാന്‍ കഴിച്ചത്. ഇതിന് സമീപത്തായി വവ്വാലുകളുടെ ആവാസവ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന് പുറമെ നിപകൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോടിനെ ജാഗ്രതയോടെ കാണുന്നു,' ആരോഗ്യമന്ത്രി പറഞ്ഞു.

സമീപത്ത് വവ്വാലുകളുടെ ആവാസവ്യവസ്ഥ, 12 വയസ്സുകാരന് നിപ ബാധിച്ചത് റമ്പൂട്ടാന്‍ കഴിച്ചതിനാലാവാമെന്ന് ആരോഗ്യമന്ത്രി
നിപ: ഹൈ റിസ്‌ക് വിഭാഗത്തില്‍ എട്ടുപേരുടെ സാമ്പിള്‍ നെഗറ്റീവ്; ആശ്വാസമായി പരിശോധനാഫലം

രോഗം വന്ന പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്ന് ആളുകള്‍ ഏറെ മാറിയതും ക്വാറന്റീന്‍, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടിയന്തര പ്രധാന്യത്തോടെ മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കിയതിനാല്‍ രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നടത്താനും സഹായിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. കുട്ടിയുടെ മാതാപിതാക്കളുടെയും രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും അടക്കം എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.

ഇന്ന് കൂടുതല്‍ സാമ്പിളുകളുടെ പരിശോധന നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍.ഐ.ഡി പുണെയുടെയും മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാമ്പിളുകള്‍ കൂടി പരിശോധിക്കും.

മെഡിക്കല്‍ കോളേജില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരില്‍ 8 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് വായോളി അബൂബക്കറിന്റെയും ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 251 പേരാണ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടിയില്‍ ഉള്ളത്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞത് അനുസരിച്ച് മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്ത് നിന്ന് റമ്പൂട്ടാന്‍ ശേഖരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in