
ആറന്‍മുളയില്‍ നിന്ന് നിയമസഭയിലെത്തിയ വീണ ജോര്‍ജ് ആരോഗ്യവകുപ്പ് മന്ത്രിയാകും. രാജ്യാന്തര ശ്രദ്ധ നേടിയ കെ.കെ. ശൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് വീണ ജോര്‍ജ്ജില്‍ വന്നുചേര്‍ന്നിരിക്കുന്നത്.
ഡോ. ആര്‍ ബിന്ദുവിനെയും ആരോഗ്യമന്ത്രിയായി സിപിഐഎം സെക്രട്ടറിയേറ്റ് പരിഗണിച്ചിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയായി വനിത തന്നെ വേണമെന്നും സിപിഎം തീരുമാനിച്ചിരുന്നു.
രണ്ടാം തവണ ആറന്‍മുളയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് നിയമസഭയിലെത്തിയത്. ആദ്യഊഴത്തില്‍ നിയമസഭയിലും ആറന്‍മുള മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ച വച്ച ജനപ്രതിനിധി കൂടിയാണ് വീണ ജോര്‍ജ്ജ്.
നാല്പത്തി നാലുകാരിയായ വീണാ ജോര്‍ജ് കോളജ് കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. നിലവില്‍ സി.പി.ഐ.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. കൈരളിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വീണ ജോര്‍ജ്ജ് പിന്നീട് മനോരമ ന്യൂസില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാ വിഷന്‍ ന്യൂസ് ചാനലില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകയായിരുന്നു. മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും മികച്ച പ്രകടനമാണ് വീണ കാഴ്ച വച്ചിരുന്നത്.
മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു വീണ ജോര്‍ജ്ജ്. ടിവി ന്യൂ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു വീണ ജോര്‍ജ്ജ്.