വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമാണെന്ന് കരുതുന്നില്ല, ഞങ്ങളെ ഇക്കാര്യമറിയിക്കാന്‍ സമീപിച്ചിട്ടില്ല: ലൈംഗികാതിക്രമം നേരിട്ടവര്‍

വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമാണെന്ന് കരുതുന്നില്ല, ഞങ്ങളെ ഇക്കാര്യമറിയിക്കാന്‍ സമീപിച്ചിട്ടില്ല: ലൈംഗികാതിക്രമം നേരിട്ടവര്‍

മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ റാപ്പര്‍ വേടന്‍ നടത്തിയ പരസ്യമായ മാപ്പു പറച്ചില്‍ ആത്മാര്‍ത്ഥമാണെന്ന് കരുതുന്നില്ലെന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയവര്‍. സര്‍വൈവേഴ്‌സില്‍ ആരെയും വേടന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല, ഇതുവരെ സമീപിച്ചിട്ടുമില്ല. താന്‍ ശരിയാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി നടത്തിയ തെറ്റിദ്ധരിപ്പിക്കലാണ് പരസ്യ ക്ഷമാപണമെന്നും അതിജീവിക്കപ്പെട്ടവരില്‍ ഒരാള്‍ ദ ന്യൂസ് മിനുട്ടില്‍ പ്രതികരിച്ചു.

വുമണ്‍ എഗൈന്‍സ്‌റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയായിരുന്നു വേടനെതിരെ മി ടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തുടക്കത്തില്‍ വെളിപ്പെടുത്തലുകളോട് വ്യത്യസ്തമായിട്ടായിരുന്നു വേടന്‍ പ്രതികരിച്ചിരുന്നത്. ഇക്കാര്യത്തില്‍ വസ്തുത ഉടന്‍ വെളിപ്പെടുത്തുമെന്നായിരുന്നു പ്രതികരണം. ദിവസങ്ങള്‍ക്കു ശേഷം ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്നും അദ്ദേഹം നീക്കം ചെയ്തു. പിന്നാലെയാണ് ലൈംഗിക അതിക്രമത്തില്‍ ക്ഷമാപണം നടത്തിയത്.

ഇരുപത്തിരണ്ടും ഇരുപത്തിയഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് വേടന്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രതികരിച്ചതെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ദളിതനായത് കൊണ്ട് തന്നെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നായിരുന്നു ആരോപണത്തോട് വേടന്‍ ആദ്യം പ്രതികരിച്ചിരുന്നത്. അതിക്രമത്തിന് ഇരയായ താനും ഒരു ദലിത് സ്ത്രീയാണെന്ന് മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയവരില്‍ ഒരാള്‍ പറയുന്നു. കുടുംബത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് ഭയന്ന് പല പെണ്‍കുട്ടികളും മുന്നോട്ടു വരാന്‍ മടിക്കുകയാണെന്ന് മി ടൂ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടികള്‍. സെക്‌സ് ചെയ്യുമ്പോള്‍ സമ്മതം പ്രധാനമാണെന്ന് പലപ്പോഴും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വേടന്‍ അതൊന്നും ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. അയാള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നുവെന്നും പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു.

വേടനെതിരെ ഉയര്‍ന്ന മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ പാരാരി സംവിധാനം ചെയ്യാനിരുന്ന മ്യൂസിക് വീഡിയോ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചിരുന്നു. ബന്ധപ്പെട്ടവര്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്നായിരുന്നു പ്രസ്താവന. ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ഇവര്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചിന്‍മയി ശ്രീപദ, അറിവ്, ഹാരിസ് സലിം, വേടന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു മ്യൂസിക് വീഡിയോ.

Related Stories

No stories found.
logo
The Cue
www.thecue.in