ആര്‍.എസ്.എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; വിചാരധാരയില്‍ ഉള്ളതും സജി ചെറിയാന്‍ പറഞ്ഞതും ഒന്നുതന്നെ: വി ഡി സതീശന്‍

ആര്‍.എസ്.എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; വിചാരധാരയില്‍ ഉള്ളതും സജി ചെറിയാന്‍ പറഞ്ഞതും ഒന്നുതന്നെ: വി ഡി സതീശന്‍

മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ പറഞ്ഞതും സമാനമായ കാര്യങ്ങള്‍ തന്നെയെന്ന് വിശദീകരിച്ച് വിഡി സതീശന്‍. ആര്‍.എസ്.എസ് നോട്ടീസിനെ അവജ്ഞയോടെ തള്ളുന്നുവെന്നും സതീശന്‍ പറഞ്ഞു.

സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ് നോട്ടീസ് നല്‍കിയത്.

അമേരിക്കയിലെയും ബ്രിട്ടണിലെ ഭരണഘടനകളിലെ ചില പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ത്ത വികൃത സൃഷ്ടിയാണിത്, എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് ഇന്ത്യാക്കാര്‍ പകര്‍ത്തിയെഴുതിയെന്ന സജി ചെറിയാന്റെ പരാമര്‍ശം ഇതുതന്നെയല്ലേ എന്നും സതീശന്‍ ചോദിച്ചു.

ആര്‍.എസ്.എസ് നോട്ടീസ് അയച്ചിരിക്കുന്നത് ഭയപ്പെടുത്താനാണോ? ആണെങ്കില്‍ അത് വേണ്ട. കയ്യില്‍ തന്നെ വെച്ചാല്‍ മതി. നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.

വി.ഡി. സതീശന്റെ വാക്കുകള്‍

'ദേശീയ ദൗത്യത്തെക്കുറിച്ചോ ജീവിതത്തിലെ മുഖ്യ ആദര്‍ശത്തെ പറ്റിയോ ഒരു സൂചന പോലും അതിലെ നിര്‍ദേശക തത്വങ്ങളില്‍ ഇല്ല. ഐക്യരാഷ്ട്ര സഭയുടെയും മുമ്പത്തെ സര്‍വരാഷ്ട്രസമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടണിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേര്‍ത്ത വികൃത സൃഷ്ടിയാണിത്,'എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നത്.

അതായത് നമ്മുടേതല്ല. എല്ലാം പുറത്തെയാണ്. പശ്ചാത്യനാടുകളിലേതാണ്. ബ്രിട്ടീഷ് ഭരണഘടനയുടേതാണ്. യു.എന്‍ ചാര്‍ട്ടറിന്റേതാണ്, വിദേശ നാടുകളിലേതാണ്, നാടിന്റേതല്ല, പകരം പകര്‍ത്തിയെഴുതിയിരിക്കുന്ന വികൃതമായ, വികലമായ സൃഷ്ടിയാണ് എന്നൊക്കെയാണ് പറഞ്ഞത്.

ഇനി എന്താണ് സജി ചെറിയാന്‍ പറഞ്ഞത്? ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും നന്നായി കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണിത്.

അപ്പോള്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞത് എഴുതി വെച്ചിരിക്കുകയാണെന്ന് സജി ചെറിയാനും ബ്രിട്ടീഷുകാരും വിദേശ രാജ്യങ്ങളിലെയും പാശ്ചാത്ത്യ രാജ്യങ്ങളിലും തുണ്ടുകള്‍ വെച്ച് കൊണ്ട് ഉണ്ടാക്കിയ വികൃതമായ സൃഷ്ടിയാണെന്ന് ഗോള്‍വാള്‍ക്കറും പറയുമ്പോഴും ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രവും ഭരണഘടനയോടുള്ള സമീപനവും കേരളത്തിലെ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിലെ അംഗവുമായ സജി ചെറിയാന്‍ പറഞ്ഞതും ഒന്ന് തന്നെയാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ട് ഇവര്‍ ഈ നോട്ടീസ് അയച്ചിരിക്കുന്നത് ആരെ പേടിപ്പിക്കാന്‍ വേണ്ടിയാണ്. എന്നെ ഭയപ്പെടുത്താനാണോ? അത് വേണ്ട. അത് കയ്യില്‍ തന്നെ വെച്ചാല്‍ മതി. നിയമപരമായി നേരിടും എന്നാണെങ്കില്‍ അങ്ങനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്. ബഞ്ച് ഓഫ് തോട്ട്‌സ് അഥവാ വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്ന് തന്നെയാണെന്ന് പറയാം.

കോടിയേരി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിട്ടും സജി ചെറിയാനെ പുകഴ്ത്തുന്നതിന് വേണ്ടിയാണ് സമയം ചെലവഴിച്ചത്. അപ്പോഴും ഭരണഘടനാ വിരുദ്ധ പരാമര്‍ശവും അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാമര്‍ശവും അദ്ദേഹം പിന്‍വലിച്ചിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്നാണ് രാജി വെക്കുമ്പോഴും സജി ചെറിയാന്‍ പറഞ്ഞത്. സി.പി.ഐ.എം ഈ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞോ? മുഖ്യമന്ത്രി ഇതുവരെ സംസാരിച്ചോ? ഒരു മന്ത്രി രാജി വെച്ചിട്ട് ഒരു പ്രതികരണവും നടത്താത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

Related Stories

No stories found.
logo
The Cue
www.thecue.in