മുഖ്യമന്ത്രി നടത്തിയത് മന്‍ കി ബാത്ത്, പഴയ കാര്യങ്ങള്‍ മറന്നതു പോലെ സംസാരിക്കുന്നു; വി.ഡി സതീശന്‍

മുഖ്യമന്ത്രി നടത്തിയത് മന്‍ കി ബാത്ത്, പഴയ കാര്യങ്ങള്‍ മറന്നതു പോലെ സംസാരിക്കുന്നു; വി.ഡി സതീശന്‍

നിയമസഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവി രോഗമാണെന്നും സതീശന്‍ പറഞ്ഞു.

മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണ്. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇപ്പോള്‍ നല്ലപിള്ള ചമയുന്നതെന്നാണ് സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്താണ്. ചെയ്ത അതിക്രമങ്ങള്‍ തള്ളിപ്പറയുകയെന്നത് സി.പി.ഐ.എമ്മിന്റെ സ്ഥിരം രീതിയാണ്. എല്‍.ഡി.എഫ് ചെയ്ത പോലെയുള്ള ഹീനമായ കാര്യങ്ങളൊന്നും യു.ഡി.എഫ് ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമ വിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയരുതായിരുന്നു. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ സാധിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പയ്യന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും തങ്ങള്‍ക്ക് ഒരേ നിലപാട് ആണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. മടിയില്‍ കനമില്ലെന്ന് എഴുതി കാണിച്ചിട്ടും കാര്യമൊന്നുമില്ലെന്നും സതീശന്‍ പരിഹസിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in