ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍ എന്തിന് ഭയക്കണം?; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതില്‍ വി.ഡി. സതീശന്‍

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍ എന്തിന് ഭയക്കണം?; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതില്‍ വി.ഡി. സതീശന്‍

സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയ നടപടിയില്‍ വിമര്‍ശനവുമായി വി.ഡി. സതീശന്‍. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്നും സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും എന്തിനാണ് സര്‍ക്കാര്‍ വെപ്രാളം കാണിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഭയം കൊണ്ടാണ് കറുത്ത മാസ്‌ക കണ്ടാല്‍ പോലും ഭയപ്പെടുന്നതെന്നും സതീശന്‍ പരിഹസിച്ചു.

വിജിലന്‍സ് ഡയറ്ക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ഷാജ് കിരണുമായി ബന്ധപ്പെട്ടത് 33 തവണയാണെന്നും ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? ആദ്യം സ്വപ്‌നയോട് കോടതിയില്‍ കൊടുത്ത മൊഴി നന്നായി എന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍, പിന്നെ നിങ്ങള്‍ അപകടത്തിലേക്ക് ആണ് പോകുന്നതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അവര്‍ കൊടുത്ത മൊഴി പിന്‍വലിപ്പിക്കാന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്തിപ്പിക്കാന്‍ പൊലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് ആരാണ് എന്നും സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി മൗനം അവലംബിച്ച് പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ട് പ്രസ്താവന ഇറക്കിപ്പിച്ച് ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് സ്ഥിരം പല്ലവി ആവര്‍ത്തിച്ച് ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in