പുത്തന്‍ ആരോഗ്യ നയമില്ല, ദുരന്തനിവാരണത്തിന് പദ്ധതികളില്ല; നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പുത്തന്‍ ആരോഗ്യ നയമില്ല, ദുരന്തനിവാരണത്തിന് പദ്ധതികളില്ല; നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

''മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ ആരോഗ്യ നയം പ്രതീക്ഷിച്ചിരുന്നു. രണ്ടാം തരംഗം വന്നപ്പോള്‍ നമുക്കതിനെ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുണ്ടായില്ല. അപ്പോള്‍ മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് തയ്യാറെടുക്കണം എന്നത് സംബന്ധിച്ച് പുതിയ ആരോഗ്യനയം ഉണ്ടാവാതെ പോയത് ദൗര്‍ഭാഗ്യമാണ്,'' വിഡി സതീശന്‍ പറഞ്ഞു.

കൊവിഡ് മരണനിരക്കിലെ ക്രമക്കേട് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കൊവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള സ്‌കീം പ്രഖ്യാപിച്ചു. മരണനിരക്ക് മനപൂര്‍വ്വം കുറക്കാന്‍ ശ്രമിച്ചാല്‍ ആനുകൂല്യങ്ങള്‍ ധാരാളം കുട്ടികള്‍ക്ക് നഷ്ടപ്പെടും. പല ജില്ലകളില്‍ നിന്നും മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അത് ഗൗരവമായി പരിശോധിക്കണം. കൊവിഡ് പോസിറ്റീവ് ആയ വ്യക്തി ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ കൊവിഡ്-19 ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ വരുമ്പോള്‍ ആനുകൂല്യം നഷ്ടപ്പെടും. പോസ്റ്റ് കൊവിഡില്‍ മരിക്കുന്നവരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. ഇത്തരത്തിലുള്ള പരാതികള്‍ ധാരാളമായി ഉയര്‍ന്നുവരുന്നുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം തവണയാണ് കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് പോകുന്നത്. കുട്ടികളും മാതാപിതാക്കളും ഇതില്‍ അസ്വസ്ഥരാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു മാര്‍ഗ രേഖ വേണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in