കണ്ണൂരുകാരനായ എയര്‍പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളം, ഇ.പിയുടെ പേര് ഒഴിവാക്കിയതിലും ദുരൂഹത; വി.ഡി. സതീശന്‍

വി ഡി സതീശന്‍
വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കും. റിപ്പോര്‍ട്ടില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറയുന്നത് പറയുന്നത് കള്ളത്തരമാണ്. ആദ്യം ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് മുഖ്യമന്ത്രി പുറത്തുപോയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നാണ്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചതിന് ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മദ്യലഹരിയില്‍ ആയിരുന്നു എന്നതടക്കമുള്ള കള്ളം ജയരാജന്‍ പറഞ്ഞത്.

വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഇന്‍ഡിഗോ മാനേജര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമാന കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം ആഭിമുഖ്യമുള്ള അസിസ്റ്റന്റ് കമ്മീഷണറും സി.പി.ഐ.എം നേതാക്കളും ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തുവരട്ടെ. രാഹുല്‍ ഗാന്ധിയെ ഇല്ലാത്ത കേസില്‍ മൂന്ന് ദിവസമായി ചോദ്യം ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ എന്തുകൊണ്ടാണ് സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലം ഉണ്ടായിട്ടും ആരെയും ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in