അതിജീവിതയ്ക്ക് എന്ത് രാഷ്ട്രീയം?, സി.പി.എം നേതാക്കള്‍ ചട്ടമ്പിമാരെ പോലെ സ്ത്രീവിരുദ്ധത പറയുന്നെന്ന് വി.ഡി. സതീശന്‍

അതിജീവിതയ്ക്ക് എന്ത് രാഷ്ട്രീയം?, സി.പി.എം നേതാക്കള്‍ ചട്ടമ്പിമാരെ പോലെ സ്ത്രീവിരുദ്ധത പറയുന്നെന്ന് വി.ഡി. സതീശന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് എന്ത് രാഷ്ട്രീയമാണ് ഉള്ളത്. അവരുടെ കൂടെ ഉണ്ടായിരുന്ന 80 ശതമാനത്തോളം വരുന്ന ആളുകളും ഇടതുപക്ഷ സഹയാത്രികരായ ആളുകളാണ്. ഇത് പൊലീസ് അന്വേഷണത്തെ വലിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കുകയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള സാഹചര്യം ഉണ്ടായത് എങ്ങനെയാണ്? അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാന്‍ പ്രമാണിമാര്‍ ചട്ടമ്പികളെ പറഞ്ഞയക്കുന്നതുപോലെയാണ് അതിജീവിതയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരമായി ഇ.പി. ജയരാജനും എം.എം. മണിയും ആന്റണി രാജുവും നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകള്‍

യു.ഡി.എഫ് നടി ആക്രമിക്കപ്പെട്ട കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന് തന്നെയായിരുന്നു ഞങ്ങളുടെയും ധാരണ. കേസില്‍ അന്വേഷണം വഴി തെറ്റുന്നു എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റുന്നു. എന്നാല്‍ സെന്‍സിറ്റീവ് കേസില്‍ ഉദ്യോഗസ്ഥര്‍ തന്നെ തുടരുകയാണ് പതിവ്. പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ പല കാര്യങ്ങളില്‍ നിന്ന് പിന്‍വാങ്ങി ധൃതിപിടിച്ച് ഈ കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരായും ഭരണകക്ഷിക്കെതിരായും ഹര്‍ജി നല്‍കിയപ്പോഴാണ് ഞങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞത്.

സര്‍ക്കാര്‍ ഇവിടെ, ഇ.പി ജയരാജന്‍, എം.എം മണി, ആന്റണി രാജു തുടങ്ങിയ ആളുകളെക്കൊണ്ട് അതിജീവിതയ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിക്കുകയാണ് ഉണ്ടായത്. മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാന്‍ പ്രമാണിമാര്‍ ചട്ടമ്പികളെ പറഞ്ഞയക്കും. അവര് മുണ്ട് മടക്കി കുത്തി വീടിന് മുന്നില്‍ നിന്ന് അവരെ അപഹസിച്ച് സംസാരിക്കും. അതുപോലെയാണ് അതിജീവിതയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരമായി ഇ.പി. ജയരാജനും എം.എം. മണിയും ആന്റണി രാജുവും നടത്തിയത്.

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് എന്ത് രാഷ്ട്രീയമാണ് ഉള്ളത്. അവരുടെ കൂടെ ഉണ്ടായിരുന്ന 80 ശതമാനത്തോളം വരുന്ന ആളുകളും ഇടതുപക്ഷ സഹയാത്രികരായ ആളുകളാണ്. ഇത് പൊലീസ് അന്വേഷണത്തെ വലിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കുകയാണ്. അന്വേഷണ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള സാഹചര്യം ഉണ്ടായത് എങ്ങനെയാണ്? അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്?

യു.ഡി.എഫിന്റെ ഭരണകാലത്ത് എവിടെയാണ് ഇതുപോലുള്ള കേസില്‍ വെള്ളം ചേര്‍ത്തത്? പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തല്ലേ വാളയാറില്‍ ഒന്‍പതും 13ഉം വയസുള്ള കുട്ടികളെ ലൈംഗികമായി അതിക്രമിച്ച് കെട്ടിത്തൂക്കിയത്. അതില്‍ മജിസ്‌ട്രേറ്റിന്റെ വിധിയില്‍ കേസ് അന്വേഷണം വഴിതെറ്റിയെന്നും പ്രോസിക്യൂഷന്‍ ശരിയായി വാദിച്ചില്ല എന്നും പറയുന്നുണ്ട്. വണ്ടിപെരിയാറില്‍ പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐക്കാരന്‍ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്തില്ല എന്ന് പറഞ്ഞ് അവിടെ പ്രക്ഷോഭം നടക്കുകയാണ്.

ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുകയും ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in