നിര്‍ദേശങ്ങള്‍ തുന്നിച്ചേര്‍ത്ത ഡോക്യുമെന്റ്, യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

Muttil tree-felling case
Muttil tree-felling case

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റ് യാഥാര്‍ത്ഥ്യ ബോധ്യം ഒട്ടും ഇല്ലാത്ത ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു ഡോക്യുമെന്റ് ആക്കിയിരിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

ബജറ്റില്‍ മാര്‍ഗ നിര്‍ദേശമോ നയരൂപീകരണമോ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തത് ആരോഗ്യ മേഖലയ്ക്കാണ്. ഒന്നാമത് ആരോഗ്യം എന്ന ലക്ഷ്യമായിരുന്നു അന്ന് ബജറ്റില്‍ പറഞ്ഞിരുന്നത്. അന്ന് ആ ബജറ്റില്‍ അതിന് വേണ്ടി പ്രഖ്യാപിച്ച വാക്‌സിന്‍ ഗവേഷണം തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ പറഞ്ഞത്

യാഥാര്‍ത്ഥ്യ ബോധ്യം ഒട്ടുമില്ലാത്ത ബജറ്റാണിത്. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു ഡോക്യുമെന്റ് ആക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ബജറ്റില്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശമോ നയരൂപീകരണമോ ഈ ബജറ്റില്‍ ഇല്ല.

ഈ ബജറ്റിന്റെ പ്രധാനപ്പെട്ട പ്രശ്‌നം, അതിന്റെ വിശ്വാസ്യതയെ സംബന്ധിച്ചാണ്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു രൂപപോലും പലകാര്യങ്ങളിലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തവണയും അതുപോലെയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടന്നിരിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തത് ആരോഗ്യ മേഖലയ്ക്കാണ്. ഒന്നാമത് ആരോഗ്യം എന്ന ലക്ഷ്യമായിരുന്നു അന്ന് ബജറ്റില്‍ പറഞ്ഞിരുന്നത്. അന്ന് ആ ബജറ്റില്‍ അതിന് വേണ്ടി പ്രഖ്യാപിച്ച വാക്‌സിന്‍ ഗവേഷണം തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. അത് മാത്രമല്ല, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടായ സംസ്ഥാനം, മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം ഉണ്ടായ സംസ്ഥാനം കേരളമാണ്. ഇതിന് ശേഷം, ധാരാളം പേര്‍ പോസ്റ്റ് കൊവിഡ് രോഗവുമായി മരിക്കുകയാണ്. അതുസംബന്ധിച്ച് ഒരു പഠനമോ ഗവേഷണമോ, കേരളത്തിന്റെ ആരോഗ്യ രംഗത്തെ ബാധിച്ച ഒരുവിഷയത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ശ്രമവും ഈ ബജറ്റില്‍ ഇല്ല. മഹാമാരിക്കൊപ്പം വന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു നടപടിക്രമവുമില്ല. ധാരാളം തൊഴില്‍ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം ഉണ്ടായിട്ടുണ്ടെന്ന് ബജറ്റില്‍ പറയുന്നുണ്ട്.

സാധാരണക്കാരായ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന സമയത്ത് ഈ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ വേണ്ടിയുള്ള ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല.

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി കൊടുത്താല്‍ 172 കോടി രൂപ മാത്രമാണ് അതില്‍ ആകെ ചെലവഴിച്ചിട്ടുള്ളത്. മാത്രമല്ല. വരവ് കുറയുകയും ചെലവ് കൂടുകയുമാണ് ചെയ്തിരിക്കുന്നത്.

തോമസ് ഐസക്ക് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ അവകാശപ്പെട്ടത് ജിഎസ് ടി ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്തൃ സംസ്ഥാനമാകാന്‍ പോകുന്നത് കേരളമാണ് എന്നാണ്. എന്നാല്‍, കേരളത്തിലെ ശരാശരി നികുതി വര്‍ധന പത്ത് ശതമാനത്തില്‍ താഴെയാണ്.

ജി.എസ്.ടിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും വാറ്റിന് അനുയോജ്യമായ രീതിയിലാണ് കേരളത്തിലെ നികുതി ഭരണ സംവിധാനം. ഇത് മാറ്റണമെന്ന് പ്രതിപക്ഷം നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനങ്ങളും ബജറ്റിലില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in