കെ.എം ബഷീറിന്റെ മരണം ജനങ്ങളുടെ മനസ് തേങ്ങിയ സംഭവം; സര്‍ക്കാര്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വി.ഡി സതീശന്‍

കെ.എം ബഷീറിന്റെ മരണം ജനങ്ങളുടെ മനസ് തേങ്ങിയ സംഭവം; സര്‍ക്കാര്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് വി.ഡി സതീശന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശരിയായ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളുടെ മനസ് തേങ്ങിയ ഒരു സംഭവമാണ് കെ.എം ബഷീറിന്റെ മരണം. അതൊന്നും കേരളം മറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പത്രപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശരിയായ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. തുടക്കം മുതല്‍ക്കെ ശ്രീറാമിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അധികാരമുള്ളൊരു പദവിയിലേക്ക് നിയമിക്കുന്നത്. ആ നിയമനത്തിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്. കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് കളക്ടറായി നിയമിച്ചതും അതിനെ ന്യായീകരിക്കുന്നതും. പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളുടെ മനസ് തേങ്ങിയ ഒരു സംഭവമാണ് കെ.എം ബഷീറിന്റെ മരണം. അതൊന്നും കേരളം മറന്നിട്ടില്ല. കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ അനൗചിത്യമുണ്ട്,' വിഡി സതീശന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി ചുമതലയേറ്റെടുത്തത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റില്‍ പ്രതിഷേധിക്കുകയും ശ്രീറാമിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു.

കോണ്‍ഗ്രസും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയെ ഇതുപോലെ ഒരു വലിയ പദവിയില്‍ ഇരുത്തുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണുരാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കളക്ടര്‍ ആയാണ് പുതിയ നിയമനം.

Related Stories

No stories found.
logo
The Cue
www.thecue.in