മദ്യപിച്ച പോലെ പെരുമാറിയത് ഇ.പി ജയരാന്‍, വിമാനത്തില്‍ 'പ്രതിഷേധം' എന്ന് വിളിച്ചതാണോ ഭീകര പ്രവര്‍ത്തനമെന്ന് വി.ഡി സതീശന്‍

മദ്യപിച്ച പോലെ പെരുമാറിയത് ഇ.പി ജയരാന്‍, വിമാനത്തില്‍ 'പ്രതിഷേധം' എന്ന് വിളിച്ചതാണോ ഭീകര പ്രവര്‍ത്തനമെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറെക്കാളും വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിമാനത്തില്‍ 'പ്രതിഷേധം പ്രതിഷേധം' എന്ന് മുദ്രാവാക്യം വിളിച്ചതിനാണോ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

മോദിയെക്കാളും യോഗിയെക്കാളും ഹിറ്റ്‌ലറെക്കാളും വലിയ ഏകാധിപതിയാണ് പിണറായി വിജയന്‍. സംസ്ഥാനത്ത് ഗാന്ധി പ്രതിമയുടെ തലവെട്ടിമാറ്റി സിപിഎം സംഘപരിവാറിന്റെ പണി ചെയ്യുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

അതേസമയം പ്രതിഷേധിച്ച യുവാക്കള്‍ മദ്യപിച്ചെന്ന് പറഞ്ഞ ഇപി ജയരാജന്‍ നുണയാണ് പറഞ്ഞതെന്നും മദ്യപിച്ച പോലെ പെരുമാറിയത് അദ്ദേഹമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മാണ് സംസ്ഥാനത്ത് ഭീകര സംഘടനകളെപോലും തോല്‍പ്പിക്കുന്ന വിധത്തിലുള്ള ഭീകര പ്രവര്‍ത്തനം നടത്തുന്നത്. മരത്തില്‍ ആടിനെ കെട്ടി മഴുകൊണ്ട് കഴുത്തറുത്ത് കൊന്ന് കൊലപാതക പരിശീലനം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം.

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് പ്രതിഷേധിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയെ പിന്തുണച്ചവരാണ് ഇവിടെ പ്രിതിഷേധം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. അവരുടെ കയ്യില്‍ മാരകായുധങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. കോണ്‍ഗ്രസ് ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in