ആലപ്പുഴയിലെ കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട്; സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശന്‍

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട്; സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശന്‍

ആലപ്പുഴയിലെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ളതും അതേസമയം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങള്‍. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ വര്‍ഗീയ ശക്തികളുമായി മാറി മാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായത്. ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചത്. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വര്‍ഗീയതയുടെ കെണിയില്‍ മലയാളികള്‍ വീഴരുതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വി.ഡി സതീശന്‍ പറഞ്ഞത്

ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കാന്‍ പോലിസിന് താല്‍പര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും ശ്രമമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. മറിച്ച് ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കില്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഒരുക്കുന്ന കെണിയില്‍ വീഴാതിരിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in