'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും, ഇനി കടുക്കനിട്ടവരുടെ വരവാണ്'; ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരണമെന്ന് വി.ഡി.സതീശന്‍

'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും, ഇനി കടുക്കനിട്ടവരുടെ വരവാണ്'; ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരണമെന്ന് വി.ഡി.സതീശന്‍

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസുകാരുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ചെറിയാന്‍ ഫിലിപ്പ്, അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി വരണം എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിക്കും. ചര്‍ച്ചകള്‍ക്ക് താന്‍ മുന്‍കൈ എടുക്കുമെന്നും, കോണ്‍ഗ്രസിലേക്ക് ഇനിയും ഒരുപാട് പേര്‍ വരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

'രണ്ടോ മൂന്നോ ആളുകള്‍ കോണ്‍ഗ്രസ് വിട്ട് പോയപ്പോള്‍ ആഘോഷമാക്കിയ സി.പിഎമ്മുകാരോട് ഞങ്ങളൊരു വാക്ക് പറഞ്ഞിരുന്നു. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് വരും.'

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു. മുരളീധരന്‍ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്, അതിനി നീട്ടി കൊണ്ടുപോകുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in