ഡ്രാക്കോണിയന്‍ നിയമമെന്ന് വി ഡി സതീശൻ; ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളത്തിലായിരിക്കും പരീക്ഷണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

 ഡ്രാക്കോണിയന്‍ നിയമമെന്ന് വി ഡി സതീശൻ; ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളത്തിലായിരിക്കും പരീക്ഷണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനുഷ്യരുടെ ജീവിതത്തന് മേല്‍ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ സാംസ്‌കാരിക അധിനിവേശമാണ് കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള നിയമസഭ അവതരിപ്പിച്ച ലക്ഷദ്വീപ് പ്രമേയത്തോട് യോജിപ്പ് അറിയിച്ച് കൊണ്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഡ്രാക്കോണിയന്‍ നിയമത്തെ അറബിക്കടലില്‍ എറിയണമെന്നും അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും സതീശന്‍ പറഞ്ഞു.

ഇപ്പോൾ ഒരു പരീക്ഷണശാല പോലെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകും. കശ്മീരിനെ സംബന്ധിച്ച് പാർലമെന്റിൽ മാറ്റം കൊണ്ടുവന്നപ്പോള്‍ ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന് ആരും കരുതിയില്ല. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘപരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യയെന്ന മഹത്തായ ആശയത്തെയും ഒരു റിപ്പബ്ലിക് എന്ന നിലവിലുള്ള ഇന്ത്യയുടെ നിലനില്‍പിന് ആധാരമായ ഭരണഘടനയെയുമാണ്  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളിലൂടെ സംഘപരിവാര്‍ വെല്ലുവിളിച്ചിരിക്കുന്നതെന്ന് സി.പി.ഐ. നിയമസഭാകക്ഷി നേതാവ് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യസ്‌നേഹമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന നടപടിയല്ല കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രതിനിധി ലക്ഷദ്വീപില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു.

The Cue
www.thecue.in