'ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണ്'; അനുപമയുടെ കുട്ടിയുടെ വിഷയം വെറുമൊരു പാര്‍ട്ടിക്കാര്യമല്ലെന്ന് വി.ഡി.സതീശന്‍

'ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണ്'; അനുപമയുടെ കുട്ടിയുടെ വിഷയം വെറുമൊരു പാര്‍ട്ടിക്കാര്യമല്ലെന്ന് വി.ഡി.സതീശന്‍

അനുപമയുടെ കുട്ടി എവിടെയെന്നതിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളം ഭരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എമ്മിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്, അവര്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നീതി കിട്ടുകയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

'അനുപമയുടെ കുട്ടിയുടെ വിഷയം വെറുമൊരു പാര്‍ട്ടിക്കാര്യമല്ല. അതിന് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം പറയണം. പാര്‍ട്ടിക്കാര്യം തീര്‍ക്കുന്നത് പോലെയാണ് ഇപ്പോള്‍ തീര്‍ക്കുന്നത്. പാര്‍ട്ടിക്ക് വേറെ കോടതിയും വേറെ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലും വേറെ പൊലീസും എന്നത് പറ്റില്ലല്ലോ. ഇത് വെള്ളരിക്കാപ്പട്ടണമല്ല, കേരളമാണ്.'

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുഞ്ഞ് എവിടെ എന്ന് ചോദിക്കുന്ന അമ്മയ്ക്ക് അതിനുത്തരം നല്‍കാന്‍ സര്‍ക്കാരും ഏജന്‍സികളും തയ്യാറാകണം. കുഞ്ഞിനെ കൈകാര്യം ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൈമലര്‍ത്തിയാല്‍ പിന്നെ എന്തിനാണ് ഈ ഏജന്‍സികളെന്നും വി.ഡി.സതീശന്‍.

സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം എം.ജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിട്ടും ഇതില്‍ പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമാണോ പൊലീസ് എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in