
ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കം തുടരവെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുതുപ്പള്ളിയിലെത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കുറോളം നീണ്ടു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വി.ഡി സതീശന്‍ അനുവാദം കൂടാതെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് പറഞ്ഞു.
കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശനൊപ്പം മാധ്യമങ്ങളെ കണ്ട ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ആദ്യം കോണ്‍ഗ്രസാണെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നും അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടികയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി പുതുപ്പള്ളിയിലെത്തിയത്.