'സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്തമായി മാറി'; സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വി.ഡി.സതീശന്‍

'സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്തമായി മാറി'; സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വി.ഡി.സതീശന്‍

തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടായിട്ടും അത് മുന്‍കൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ദുരന്തമുണ്ടായതിനു ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സ്തുതിപാഠകരുടെ നടുവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാനോ കേള്‍ക്കാനോ തയാറല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുണ്ടായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകി. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിട്ടിക്ക് എന്താണ് പണി? മഴയും മണ്ണിടിച്ചിലുമുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 2018ല്‍ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് ഞങ്ങള്‍. പുഴകളില്‍ ഒരടി വെള്ളം ഉയര്‍ന്നാല്‍ എവിടെയൊക്കെ കേറും, രണ്ടടി ഉയര്‍ന്നാല്‍ എവിടെയൊക്കെ പ്രശ്നമാകും എന്ന് ഞങ്ങള്‍ വിവിധ ഏജന്‍സികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സര്‍ക്കാര്‍ ചെയ്തതല്ല. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പമ്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ ഒരടി വെള്ളം പൊങ്ങിയാല്‍ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടാവണം. മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയത്', കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വി.ഡി.സതീശന്‍ ചോദിച്ചു.

'നെതര്‍ലെന്‍ഡ്സില്‍ പോയി തിരിച്ചു വന്നിട്ട് റൂം ഫോര്‍ റിവര്‍ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയില്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. മഴ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടതാണ്. 2018ലും 2019ലും 2021ലും പ്രളയം വരുമ്പോള്‍ ഇതു തന്നെ ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. നാല് വര്‍ഷമായിട്ടും ഒരു പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. ഇതു തന്നെയാണ് മോദിയും ചെയ്യുന്നത്.

രാവിലെ പത്ത് മണിക്ക് കൊക്കയാറില്‍ മലയിടിഞ്ഞു. അന്നത്തെ ദിവസം എന്തെങ്കിലും ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നോ. പിറ്റേ ദിവസം രാവിലെയാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടന്നത്. ജനപ്രതിനിധികള്‍ അവിടെ എത്തിയിട്ടും ഉദ്യോഗസ്ഥര്‍ ആരും സംഭവസ്ഥലത്ത് എത്തിയില്ല. നമ്മള്‍ ദുരന്തസ്ഥലത്ത് പോയി നേരിട്ട് ആളുകളോട് സംസാരിച്ചതാണ്. അഞ്ച് കുഞ്ഞുങ്ങളടക്കം ഭൂമിയുടെ അടിയിലായിട്ടും പിറ്റേദിവസമാണ് സര്‍ക്കാര്‍ സംവിധാനം അവിടേക്ക് എത്തുന്നത്. ഉരുള്‍പൊട്ടലുണ്ടായ ശേഷമുള്ള 21 മണിക്കൂറില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായില്ല. പിന്നെ സര്‍ക്കാരിനെക്കൊണ്ട് എന്താണ് കാര്യം? ഈ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചോട്ടെ. ഞങ്ങള്‍ അത് ഏറ്റുവാങ്ങാന്‍ തായാറാണ്. പക്ഷെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.

ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം കൊടുത്തോ? ബന്ധുക്കളെല്ലാം മണ്ണിനടിയിലായി അനാഥരായവര്‍ക്ക് ആരാണ് ചികിത്സ ഉറപ്പാക്കേണ്ടത്? ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായില്ല. മന്ത്രിമാര്‍ അവിടെ പോയത് കാഴ്ച കാണാനാണോ? നലു വര്‍ഷം തുടര്‍ച്ചയായി ദുരന്തമുണ്ടായിട്ടും അതു നേരിടാനുള്ള സംവിധാനമില്ല. അതിനെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി വിഷമിച്ചിട്ടു കാര്യമില്ല. ഇനിയും നിരവധി ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

ഒക്ടോബര്‍ 12-ാം തീയതിയിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കണം വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വളരെ കൃത്യമായി അതില്‍ പറഞ്ഞിരുന്നു. കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നറിയില്ല.

സഹകരണബാങ്കുകളില്‍ പോലും മൊറട്ടോറിയം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഈ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് റിസര്‍വ്വ് ബാങ്കിനോട് മൊറട്ടോറിയം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതേകാര്യം അര ഡസന്‍ തവണയെങ്കിലും ഞങ്ങള്‍ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടതാണ്. മൊറട്ടോറിയം പ്രഖ്യാപിക്കാതെ ആളുകള്‍ എവിടെ നിന്നും പൈസ അടയ്ക്കും എന്ന് ഞങ്ങള്‍ ചോദിച്ചതാണ്. അങ്ങനെയൊരു നടപടിയിലൂടെ ജനങ്ങള്‍ക്ക് ധൈര്യം നല്‍കണമായിരുന്നു. സരിന്‍ മോഹന്റെ ഭാര്യ പറയുന്നത് കടം നല്‍കിയവര്‍ വീട്ടില്‍ വന്ന് തെറി പറയുകയായിരുന്നുവെന്നാണ്. അങ്ങനെയൊടുവില്‍ ഈ കുടുംബം അനാഥമായി. ഈ ഒരു കേസ് മാത്രമല്ല എത്ര പേരാണ് ഇതേവരെ ആത്മഹത്യ ചെയ്തത്. എത്രയോ പേര്‍ ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം. സംസ്ഥാനത്തെ എല്ലാ തരം റിക്കവറി നടപടികളും ഉടന്‍ നിര്‍ത്തിവയ്ക്കണം', വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in