'സംസ്ഥാനം ആരോഗ്യ ഡാറ്റ മറച്ചുവെക്കുന്നു', ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്യുകയാണെന്ന് വി.ഡി.സതീശന്‍

'സംസ്ഥാനം ആരോഗ്യ ഡാറ്റ മറച്ചുവെക്കുന്നു', ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്യുകയാണെന്ന് വി.ഡി.സതീശന്‍

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്ത് ആരോഗ്യ ഡാറ്റ മറച്ചുവെക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. വയനാട്ടിലെ മരംമുറി കേസിനുള്ള ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി.സതീശന്‍.

'സംസ്ഥാത്ത് കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡാറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കൊവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

ഒരാള്‍ പോസ്റ്റീവ് ആയാല്‍ രോഗം പകര്‍ന്നിരിക്കുന്നവരെ കണ്ടെത്താനുള്ള കോണ്‍ടാക്ട് ട്രേസിംഗ് കേരളത്തില്‍ പരാജയമാണ്. ഒരാള്‍ പോസിറ്റീവ് ആയാല്‍ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്. വാക്‌സിന്‍ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് സബ്‌സിഡി ഏര്‍പ്പെടുത്തണം', വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

'ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ആരോപണമുണ്ട്. 'സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡിലെ ബെഡിന് 750 രൂപ ഏര്‍പ്പെടുത്തിയ തീരുമാനം ഒരു ഉദാഹരണമാണ്. ഈ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ ഭരാണാധികാരികള്‍ തയാറാകണം.'

വയനാട്ടിലെ മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള ധര്‍മ്മടം ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും, ധര്‍മ്മടത്തുള്ള രണ്ടു പേര്‍ പ്രതികളുമായി നൂറിലേറെ തവണ സംസാരിച്ചതിന്റെ രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. തെളിവുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ അരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

The Cue
www.thecue.in