ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല; അങ്ങനെ വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത് പി.രാജീവെന്ന് വി.ഡി സതീശന്‍

ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല;  അങ്ങനെ വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത് പി.രാജീവെന്ന് വി.ഡി സതീശന്‍

ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ഒരു യു.ഡി.എഫ് നേതാവും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.

സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പിന്റെ മുന്നിലിരുത്തി അവിടുത്തെ ഡയറക്ടറായ വൈദികനെയും വേദിയിലിരുത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ മന്ത്രി പി.രാജീവാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചതെന്നും വി.ഡി സതീശന്‍.

വി.ഡി സതീശന്റെ വാക്കുകള്‍

ഇവിടുത്തെ സി.പി.എം ജില്ലാ സെക്രട്ടറിയും ഈ ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍ സി.പി.എമ്മിനെ എത്തിച്ചത്.

ഈ തര്‍ക്കത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി എടുക്കാനുദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി വേറൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ചര്‍ച്ച മന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ നടത്തിയിട്ടുണ്ട്. ഈ തര്‍ക്കം ഞങ്ങളുടെ തലയില്‍ കെട്ടി വെക്കേണ്ട.

സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത് ആരാണ്. സഭയുടെ ഒരു സ്ഥാപനത്തെ സഭയുമായി ബന്ധമുള്ള സ്ഥാനാര്‍ത്ഥിയെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്തത് സി.പി.എം ആണെന്നും വി.ഡി സതീശന്‍. സി.പി.ഐ.എമ്മിന്റെ ചരിത്രത്തില്‍ എവിടെയങ്കിലും അവരുടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന കമ്മിറ്റി ഓഫീസിലുമല്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ.

സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പിന്റെ മുന്നിലിരുത്തി അവിടുത്തെ ഡയറക്ടറായ വൈദികനെയും വേദിയിലിരുത്തി പത്രസമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്.

മന്ത്രി പി. രാജീവാണ് ഈ സ്ഥാനാര്‍ത്ഥി സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് വരുത്തി തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തത്. അപ്പോഴാണ് സഭയിലെ തന്നെ ഒരു വിഭാഗം അതിനെതിരായി നിലപാടെടുക്കുന്നത്. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ഒരു ബാഹ്യമായ സമ്മര്‍ദ്ദമുണ്ടെന്നാണ് ഞങ്ങള്‍ പറഞ്ഞത്.