വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍

വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍

വാഹനാപകട കേസില്‍ കഴിഞ്ഞ ദിവസം വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍ ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.

പുലര്‍ച്ചെ 2.30നാണ് സ്‌റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോ ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

സിഗ്നല്‍ കടക്കുന്നതിനിടെ സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തെ തുടര്‍ന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റഡിയില്‍ എടുത്തത്.

ഏറെ നേരം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആരോപിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ അല്ല സജീവന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിന് ശേഷം കുഴഞ്ഞു വീണതാകാമെന്നുമാണ് പൊലീസ് വാദം.

സ്റ്റേഷനിലിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അത് കേള്‍ക്കാതെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മര്‍ദ്ദനത്തെ സജീവന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദ്ദനം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in