ജയ് ഭീം സിനിമയിലൂടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി: സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ വണ്ണിയാര്‍ സംഘത്തിന്റെ കേസ്

ജയ് ഭീം സിനിമയിലൂടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി: സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ വണ്ണിയാര്‍ സംഘത്തിന്റെ കേസ്

ജയ് ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, നടി ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റ്, ചിത്രത്തിന്റെ സംവിധായകനായ ടി. ജെ ജ്ഞാനവേല്‍, ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി.

വണ്ണിയാര്‍ സംഘം പ്രസിഡന്റ് അരുള്‍മൊഴിയാണ് ചിദംബരം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കേസ് ഫയല്‍ ചെയ്തത്. സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് സൂര്യയും ജ്യോതികയുമടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ജയ് ഭീമിലെ ഒരു രംഗത്തില്‍ വണ്ണിയാര്‍ സംഘത്തിന്റെ ചിഹ്നമായ അഗ്നികുണ്ഡം മുദ്രണം ചെയ്ത ഒരു കലണ്ടറുണ്ടായിരുന്നു. വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന തെറ്റദ്ധാരണയുണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സിനിമയിലെ പ്രതീകാത്മകമായി നല്‍കിയ പലതും അപകീര്‍ത്തികരവും മനപൂര്‍വ്വമുള്ള പ്രവൃത്തിയാണെന്ന് കരുതുന്നുവെന്നും വണ്ണിയാര്‍ സംഘത്തിന്റെ പരാതിയില്‍ പറയുന്നു.

ജയ്ഭീം വിവാദത്തിലായതോടെ അഞ്ച് കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നേരത്തെ വണ്ണിയാര്‍ സംഘം സൂര്യയ്ക്കും സംവിധായകനും നിര്‍മാതാക്കള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

'ജയ് ഭീമി'ല്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി സൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ചന്ദ്രു പോരാടിയ ഒരു യഥാര്‍ത്ഥ കേസ് ചിത്രീകരിക്കാനാണ് ചിത്രം ശ്രമിച്ചതെന്ന് സൂര്യ പറഞ്ഞു. തനിക്കോ സിനിമാ സംഘത്തിലെ മറ്റൊരാള്‍ക്കുമോ ഒരു വ്യക്തിയെയോ ഒരു പ്രത്യേക സമുദായത്തെയോ വേദനിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നുമാണ് കത്തില്‍ സൂര്യ വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in