മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം

മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. 72 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

ഇന്നുമുതല്‍ സംസ്ഥാനത്തെ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാണ്.

പുതിയ നിര്‍ദേശങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.

മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യവില്‍പ്പനയ്ക്കും ബാധകമാണ് എന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസം കന്നുകാലികളോട് പെരുമാറുന്നത് പോലെയാണ് ബെവ്കോ ഔട്ട്ലെറ്റുകളില്‍ എത്തുന്നവരോട് പെരുമാറുന്നതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് ബെവ്കോ മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാകുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു.

ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.

മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ രേഖകളോ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ പേര്‍ വാക്സിനെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in