ട്രോളുകളൊക്കെ നല്ലതാണ്; പഠിച്ച് പാസാകുന്ന കുട്ടികളെ വെറുതെ വിടണം, ഫലപ്രഖ്യാപനത്തിനിടെ ശിവന്‍കുട്ടി

ട്രോളുകളൊക്കെ നല്ലതാണ്; പഠിച്ച് പാസാകുന്ന കുട്ടികളെ വെറുതെ വിടണം, ഫലപ്രഖ്യാപനത്തിനിടെ ശിവന്‍കുട്ടി
Published on

വിജയ ശതമാനം ഉയര്‍ന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥികളെ ട്രോളുന്ന രീതി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധികരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരീക്ഷയില്‍ വിജയിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്ഷേപിക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്. സ്‌കൂളില്‍ പോകാത്തവരും പരീക്ഷ പാസായി, അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ പരീക്ഷ പാസായിട്ടുണ്ട് തുടങ്ങിയ ട്രോളുകളൊക്കെ കണ്ടു.

തമാശയൊക്കെ നല്ലതാണ്. അത് എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാലും കുട്ടികളെ പരിഹസിക്കുന്നത് സമൂഹം അംഗീകരിക്കുന്നില്ല. ഇത്തരം തമാശയുണ്ടാക്കുന്നവര്‍ മാത്രമാണ് ഇതെല്ലാം ആസ്വദിക്കുന്നത്.

ട്രോളുകളും പരിഹാസങ്ങളുമൊക്കെ കുറച്ച് അധികമായി കാണുന്നതുകൊണ്ടാണ് ഇത് പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരായ ഞങ്ങളൊക്കെ ഇതൊക്കെ കണ്ടും ആസ്വദിച്ചും, ദുഃഖിച്ചുമൊക്കൊയാണ് ഇതുവരെ എത്തിയത്. പക്ഷേ അതുപോലെ വിദ്യാര്‍ത്ഥികളെ പരിഹസിക്കരുത്.

കുട്ടികള്‍ കഷ്ടപ്പെട്ട് പഠിച്ചാണ് മിടുക്കരായി പരീക്ഷ പാസാകുന്നത്. അവരുടെ മനോവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം.

കുട്ടികള്‍ കരഞ്ഞുകൊണ്ട് വിളിക്കുകയും മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും തോട്ടം തൊഴിലാളികളുമൊക്കെയാണ്. കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷയെഴുതുന്നത് എന്നാണ് പലരും പറയുന്ന പരാതി, മന്ത്രി പറഞ്ഞു.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇത്തവണ 87.94 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

Related Stories

No stories found.
logo
The Cue
www.thecue.in