ശക്തനായി വന്ന് തോറ്റതിന്റെ വിഷമമാണ്; കെ.മുരളീധരന് ആര്യയോട് അസൂയയെന്ന് വി.ശിവന്‍കുട്ടി

ശക്തനായി വന്ന് തോറ്റതിന്റെ വിഷമമാണ്; കെ.മുരളീധരന് ആര്യയോട് അസൂയയെന്ന് വി.ശിവന്‍കുട്ടി

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്ന് മന്ത്രി ശിവന്‍കുട്ടി. ശക്തനായി വന്ന് ശക്തനായി തോറ്റതിന്റെ വിഷമമാണ് മുരളീധരനെന്ന് ശിവന്‍കുട്ടി പറഞ്ഞു.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് വണ്ടി ഇടിച്ച് കയറിയത് ആര്യയ്ക്ക് വിവരമില്ലാത്തതിനാലാണ് എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. ആര്യ രാജേന്ദ്രന് ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സി.പി.ഐ.എമ്മില്‍ ആരുമില്ലേ എന്നും മുരളീധരന്‍ പരിഹസിച്ചു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയാല്‍ സ്പോട്ടില്‍ വെടിവെച്ച് വീഴ്ത്തുകയാണ് ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

'തിരുവനന്തപുരത്ത് ഒരു മേയറുണ്ട്. അതിനെ വിമര്‍ശിച്ചതിനെ ആണ് എന്റെ പേരില്‍ കേസ് വന്നത്. അവര്‍ക്ക് വിവരമില്ല എന്ന് ഇപ്പോള്‍ മനസിലായി. ആരെങ്കിലും ചെയ്യുമോ, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഹോണ്‍ അടിച്ച് ഇടിച്ചുകയറുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയാല്‍ സ്പോട്ടില്‍ വെടിവെക്കുക എന്നതാണ് നിയമം. 'പീ' എന്ന് ഹോണടിച്ച് കേറ്റിയാല്‍ 'ഠേ' എന്നായിരിക്കും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മിലില്ലേ?,' കെ മുരളീധരന്‍ പറഞ്ഞു.

വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് രാഷ്ട്രപതി വരുന്നതിനിടെയായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രോട്ടോകോള്‍ ലംഘിച്ച് കടന്നത്.

വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരം മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു.

ആള്‍സെയിന്റ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള കിലോ മീറ്ററുകളോളം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനവുണ്ടായിരുന്നു. ജനറല്‍ ആശുപത്രിക്ക് സമീപം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് പിന്നില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ ബ്രേക്കിട്ടതുകൊണ്ടാണ് അപകടം നടന്നത്.

പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി അറിയില്ലെന്നും ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയായിരുന്നുവെന്നുമാണ് മേയര്‍ പ്രതികരിച്ചത്. നേരത്തെയും മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലേതിന് സമാനമായ വര്‍ത്തമാനമാണ് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സമരം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ വിമര്‍ശനം. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലെ കനകസിംഹാസനത്തിലെ എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കരുതെന്നും എം.പി പത്മനാഭന്‍ അടക്കമുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ കയറിയിരിക്കുന്നതെന്നും മുരളീധരന്‍ പരഹിസിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in