'കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നു'; ഉത്തരവാദി സര്‍ക്കാരെന്ന് വി. മുരളീധരന്‍

'കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നു'; ഉത്തരവാദി സര്‍ക്കാരെന്ന് വി. മുരളീധരന്‍

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. സര്‍ക്കാരാണ് അതിന് ഉത്തരവാദിയെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാടും തൃശൂരുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. രണ്ടും തീവ്രവാദ സ്വഭാവമുള്ള അക്രമങ്ങളാണ്. എസ്.എഫ്.ഐക്കാരനായ അഭിമന്യു കൊല്ലപ്പെട്ടപ്പോഴും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്ന സമീപനമെടുത്ത സര്‍ക്കാര്‍ നിലപാട് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

മമ്പറത്ത് വെട്ടേറ്റു മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ എലപ്പുള്ളിയിലുള്ള വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭീകരവാദ സ്വഭാവമുള്ള അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടണം. അതിനാലാണ് കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.

കേസ് എന്‍.ഐ.എ അന്വേഷിച്ചാല്‍ പ്രതികള്‍ നിയത്തിനുമുന്നിലെത്തുമെന്ന് സര്‍ക്കാരിനും അറിയാം. കേസ് കോടതിയിലെത്തുമ്പോള്‍ അന്വേഷിക്കുന്നുണ്ടെന്ന് കാണിക്കാന്‍ മാത്രമാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണമെന്നും മന്ത്രി ആരോപിച്ചു.

പൊലീസിനെ അന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സ്വാധീന ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

The Cue
www.thecue.in