അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത് യുവാക്കള്‍ക്കിടയിലെ സാമൂഹ്യവിരുദ്ധര്‍: വി. മുരളീധരന്‍

അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത് യുവാക്കള്‍ക്കിടയിലെ സാമൂഹ്യവിരുദ്ധര്‍: വി. മുരളീധരന്‍

അഗ്നിപഥ് പദ്ധതിയുടെ പേരില്‍ രാജ്യത്ത് പ്രതിഷേധിക്കുന്നത് യുവാക്കള്‍ക്കിടയില്‍ കടന്നു കൂടിയ സാമൂഹ്യ വിരുദ്ധരെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വി മുരളീധരന്റെ പ്രതികരണം.

'അഗ്‌നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കള്‍ക്ക് ഇടയില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്‌മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. അഗ്‌നിപഥ് വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല,' വി. മുരളീധരന്‍ പറഞ്ഞു.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ബിഹാര്‍ രാജസ്ഥാന്‍ ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തി. മൂന്ന് ദിവസമായി പ്രതിഷേധം തുടരുകയാണ്.

പദ്ധതി തന്നെ പിന്‍വലിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. പ്രായ പരിധി 21ല്‍ നിന്ന് 23 ആക്കി വര്‍ധിപ്പിക്കാമെന്ന നടപടിയിലേക്ക് കടന്നതല്ലാതെ പദ്ധതി പിന്‍വലിക്കില്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17.5 വയസുമുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ക്കാണ് അവസരം നല്‍കുക.

നാല് ആഴ്ച മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷവും ഇവര്‍ക്ക് സൈന്യത്തില്‍ സ്ഥിര സേവനത്തിനായി അപേക്ഷിക്കാന്‍ കഴിയും. അതേസമയം സ്ഥിരനിയമനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.

The Cue
www.thecue.in